തായന്നൂര്‍: കോടോം – ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ തായന്നൂര്‍ വില്ലേജില്‍ ജനവാസ കേന്ദ്രമായ മലയാറ്റുകരയില്‍ പ്രവര്‍ത്തനമാരംഭിച്ച വന്‍ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുകയും നീരുറവകള്‍ വറ്റാന്‍ കാരണമാവുകയും ചെയ്യുന്ന കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നത് ദുര്‍ബല വിഭാഗങ്ങള്‍ താമസിക്കുകയും ചെയ്യുന്ന പ്രദേശത്താണ്. ജനങ്ങളുടെ ജീവിതം മുട്ടിച്ചുള്ള വികസനത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും, പബ്ലിക് ഹിയറിംഗ് പോലും നടത്താതെ ലൈസന്‍സ് നല്‍കിയ സാഹചര്യം പരിശോധിക്കണമെന്നും സമരം ഉത്ഘാടനം ചെയ്ത കാസര്‍ഗോഡ് ജില്ലാ ശാസ്ത്ര സാഹിത്യ പരിഷത്ത് വിഷയസമിതി കണ്‍വീനര്‍ പ്രൊഫ. ഗോപാലന്‍ ആവശ്യപ്പെട്ടു.ജനകീയ സമിതി ചെയര്‍മാന്‍ മധു നര്‍ക്കല അദ്ധ്യക്ഷത വഹിച്ചു.മുന്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് യു തമ്പാന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന ഒന്നാം ദിന സമരത്തില്‍ 46 പേര്‍ പങ്കെടുത്തു.പഞ്ചായത്ത് മെമ്പര്‍ സജിത ശ്രീകുമാര്‍, കെ ആര്‍ സി തായന്നൂര്‍, വി.കെ രാജന്‍, ഷിന്‍സ് ജോര്‍ജ്ജ്, എം ഡി രാജന്‍, തുടങ്ങിയവര്‍ സംസാരിച്ചു. രമേശന്‍ മലയാറ്റുകര സ്വാഗതവും വിജി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.