പ്രശ്ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് കളക്ടര്‍
കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ, വിതരണ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ എ എസ് സന്ദര്‍ശിച്ച് വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകളും കലക്ടര്‍ സന്ദര്‍ശിച്ച് പരിശോധിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പ്രശ്‌നബാധിത ബൂത്തില്‍ ഉള്‍പ്പെട്ട വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പോളിംഗ് സ്റ്റേഷന്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ മഹാകവികുട്ടമത്ത് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍പോളിംഗ് സ്റ്റേഷന്‍ എന്നിവ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. വി എഫ് സികള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജ്, തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് എന്നീ കേന്ദ്രങ്ങളിലും ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി.എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സ്വതന്ത്രവും നിര്‍ഭയവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ നടപടി ഉണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു.നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ 12കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയുടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.മുഴുവന്‍ പ്രശ്‌നബാധിത ബൂത്തുകളിലുംകേന്ദ്രസേനയെ നിയോഗിക്കും.ഒരു കമ്പനിയില്‍ 72 സേനാംഗങ്ങള്‍ വീതം ആകെ 864 സൈനികരെയാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കനത്ത സുരക്ഷ ക്രമീകരണത്തിലാണ് സ്‌ട്രോങ്ങ് റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. കേന്ദ്രസേനയെയും കേരള പോലീസിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്വീകരണ വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രവും സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളിലും നിരീക്ഷണ ക്യാമറകള്‍ അകത്തും പുറത്തും സ്ഥാപിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരി കെ ആര്‍ മനോജ് തൃക്കരിപ്പൂര്‍ മണ്ഡലം വരണാധികാരി ഷേര്‍ളി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജില്ലാ കലക്ടറോട് ഒരുക്കങ്ങള്‍ വിശദീകരിച്ചു പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള ഫെസിലിറ്റേഷന്‍ സെന്ററുകള്‍ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. കാസര്‍കോട് ജില്ലയില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ക്രമീകരിച്ചിരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.ജില്ലയ്ക്കകത്തും പുറത്തും വോട്ടുള്ള, കാസര്‍കോട് ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലിക്കായി ചുമതലപ്പെടുത്തിയ ‘നോണ്‍ പോളിംഗ് സ്റ്റാഫിന് ‘വോട്ട് ചെയ്യുന്നതിന് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ അക്ഷര ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന ഡെസിഗ്‌നേറ്റഡ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാണ്.വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം സജ്ജമാക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ ആവശ്യമായ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട് . പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രങ്ങള്‍ക്ക് സമീപം സജ്ജമാക്കിയിട്ടുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലൂടെ (VFC) പോസ്റ്റല്‍ ബാലറ്റ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥര്‍ വി എഫ് സി പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ അറിയിച്ചു.ജില്ലാതലത്തില്‍ സ്ഥാപിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ബൂത്തുകളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന വെബ്കാസ്റ്റിംഗ് നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്.