മലമുകളില്‍ കരുതലിന്റെ സ്പര്‍ശം; ഉന്നതികളിലെ തുടിപ്പറിഞ്ഞ് ജില്ലാ കളക്ടര്‍

കളക്ടറുടെ കാറില്‍ സഞ്ചരിച്ച് ഉന്നതിയിലെ കുട്ടികള്‍

തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉന്നതികളില്‍ അറിയിച്ച് കളക്ടര്‍

കാറഡുക്കയുടെ മലനിരകള്‍ താണ്ടി, പട്ടികവര്‍ഗ ഉന്നതികളുടെ ഉള്‍ത്തുടിപ്പറിയാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നേരിട്ടെത്തി. ആനുകൂല്യങ്ങള്‍ ഫയലുകളില്‍ ഒതുങ്ങേണ്ടതല്ലെന്നും അവ ഓരോ സാധാരണക്കാരന്റെയും കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ദേലംപാടിയിലെ കണ്ണങ്കോല്‍, കുക്കുഗുഡ്ഡെ, ചേര്‍ത്തമൂലെ എന്നീ മൂന്ന് പട്ടികവര്‍ഗ ഉന്നതികളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. സ്വീപിന്റെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കലക്ടര്‍ ഉന്നതികളിലെ വോട്ടര്‍മാരോട് പറഞ്ഞു.
‘അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നവരായി ജനങ്ങള്‍ മാറണം’ – സന്ദര്‍ശനത്തിനിടെ അദ്ദേഹം ഊരിലെ നിവാസികളോട് പറഞ്ഞു. അവകാശങ്ങളെക്കുറിച്ചുള്ള അറിവും അത് നേടിയെടുക്കാനുള്ള ആര്‍ജ്ജവുമാണ് വികസനത്തിന്റെ യഥാര്‍ത്ഥ അളവുകോലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
24 കുടുംബങ്ങള്‍ അധിവസിക്കുന്ന കണ്ണങ്കോല്‍ ഉന്നതിയിലും, പത്ത് കുടുംബങ്ങളുള്ള കുക്കുഗുഡ്ഡെയിലും, 13 കുടുംബങ്ങള്‍ താമസിക്കുന്ന ചേര്‍ത്തമൂലെയിലും കളക്ടര്‍ ഓരോ വീടുകളും കയറിയിറങ്ങി.

ഔദ്യോഗിക പദവിയുടെ അതിര്‍വരമ്പുകളില്ലാതെ വീടുകളുടെ ഉമ്മറത്തിരുന്ന് അദ്ദേഹം ജനങ്ങളോട് കുശലാന്വേഷണം നടത്തി. ഊരിലെ പ്രായമായവരോടും കുട്ടികളോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും, അവരുടെ വിശേഷങ്ങള്‍ കേട്ടറിഞ്ഞുമാണ്
അദ്ദേഹം മടങ്ങിയത്. ഉന്നതികളിലെ ജനജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം അടുത്തറിഞ്ഞ ഈ സന്ദര്‍ശനം ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്ന വേറിട്ട കാഴ്ചയായി. ഉന്നതിയിലെ കുട്ടികളെ കൂടെ കൂട്ടി കളക്ടര്‍ തന്റെ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതും കണ്ടുനിന്നവരില്‍ കൗതുകം ഉണ്ടാക്കി.

കാസര്‍കോട് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ വി രാഘവന്‍, കാസര്‍ഗോഡ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദീപ, റവന്യൂ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ചന്ദ്രശേഖര നായ്ക്, വില്ലേജ് ഓഫീസര്‍ പി വിജയകുമാര്‍, പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാര്‍ എന്നിവരും കളക്ടറുടെ കൂടെയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *