പുതുക്കിയ നിബന്ധനകള്‍ പ്രകാരം യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പരമാവധി റീഫണ്ട് തുക ലഭിക്കും
ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി റെയില്‍വേ പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുതുക്കിയ നിബന്ധനകള്‍ പ്രകാരം യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പരമാവധി റീഫണ്ട് തുക ലഭിക്കും. എന്നാല്‍ 24 മണിക്കൂര്‍ മുന്‍പാണ് ക്യാന്‍സല്‍ ചെയ്യുന്നതെങ്കില്‍ തുകയുടെ 25 ശതമാനവും, 8 മണിക്കൂര്‍ മുന്‍പ് വരെ 50 ശതമാനവും ചാര്‍ജായി ഈടാക്കും. യാത്രയ്ക്ക് 8 മണിക്കൂറില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ തുകയൊന്നും തിരികെ ലഭിക്കില്ല. റീഫണ്ട് നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന ബോര്‍ഡിംഗ് പോയിന്റ് മാറ്റം, ക്ലാസ് അപ്‌ഗ്രേഡ് എന്നിവയിലും വലിയ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ ബോര്‍ഡിംഗ് പോയിന്റോ ട്രാവല്‍ ക്ലാസോ മാറ്റാന്‍ ഇനി യാത്രക്കാര്‍ക്ക് സാധിക്കും. നേരത്തെ ചാര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. നഗരമേഖലകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ, ടിക്കറ്റ് ബുക്കിംഗ് കുറ്റമറ്റതാക്കാന്‍ ‘ആന്റി ബോട്ട്’ സംവിധാനം ഏര്‍പ്പെടുത്തിയതായും സംശയകരമായ മൂന്ന് കോടി ഐഡികള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.