പാലക്കുന്നില്‍ പൂരോത്സവത്തിന് കുലകൊത്തി ; 25 ന് ഉത്സവം തുടങ്ങും

പൂരക്കുഞ്ഞി : ആദിയയ്ക്ക് മൂന്നാമൂഴം

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ 7 ദിവസം നീളുന്ന പൂരോത്സവത്തിന് കാര്‍ത്തിക നാളില്‍ കുലകൊത്തി. മുല്ലച്ചേരിയിലെ വാഴതോട്ടത്തില്‍ നിന്ന് സ്ഥാനികര്‍ കൊത്തിയ കുലകള്‍ ഭണ്ഡാര വീട് തിരുമുറ്റത്തെ ചടങ്ങുകള്‍ക്ക് ശേഷം പള്ളിയറയിലേക്ക് മാറ്റി. പൂരോത്സവത്തിന്റെ ഭാഗമായി
പൂരക്കളി പണിക്കര്‍ കുഞ്ഞിക്കോരനെ പടിഞ്ഞാറ്റയില്‍ ഇരുത്തി സ്ഥാനികരും
മൂന്ന് തറകളെ പ്രതിനിധികരിച്ച് ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാലും അരിയും കുറിയുമിട്ട് പ്രാര്‍ത്ഥിച്ച് അനുഗ്രഹിക്കുന്ന ചടങ്ങും നടന്നു.
പൂരോത്സവത്തിന് ആരംഭം കുറിച്ച് ബുധനാഴ്ച രാത്രി 9ന് ഭണ്ഡാര വീട്ടില്‍നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും.
ക്ഷേത്രത്തിലെത്തി ശുദ്ധീകരണത്തിന് ശേഷം കലശമാടി ഏഴാം പൂരം പൂവിടല്‍
ചടങ്ങ് തുടങ്ങും. ഷേത്രത്തിലും തുടര്‍ന്ന് ഭണ്ഡാര വീട്ടിലും ആരാധനാ അനുഷ്ഠാനുവുമായി ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ പൂരക്കുഞ്ഞി കര്‍മികളുടെ സഹായത്തോടെ എല്ലാ ദിവസവും പൂവിടല്‍ കര്‍മം നിര്‍വഹിക്കും.
25 മുതല്‍ 28 വരെ രാത്രി പൂരക്കളിയും തുടര്‍ന്ന് 31 വരെ പകലും പന്തലില്‍ പൂരക്കളി ഉണ്ടാകും. 7 പൂരങ്ങള്‍ പിറകോട്ടു എണ്ണിയാല്‍ കിട്ടുന്ന ഒന്നാം നാളായ 31 ന് രാത്രിയാണ് പൂരംകുളി. ഉത്ര വിളക്ക് കഴിഞ്ഞ് ഏപ്രില്‍ ഒന്നിന് തിരിച്ചെഴുന്നള്ളത്തോടെ പൂരോത്സവം സമാപിക്കും. അന്ന് രാത്രി ഭണ്ഡാര വീട്ടില്‍ തെയ്യം കൂടും. 2ന് പകല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും

ആദിയ പൂരക്കുഞ്ഞി

ഉത്സവ നാളുകളില്‍ പൂവിടുന്നത് അതിനായി നിയുക്തയായ ബാലികയാണ്. പൂജാരി സ്ഥാനത്തിന് അര്‍ഹതയുള്ള തറവാടുകളില്‍ നിന്ന്
10 വയസ്സിന് താഴെയുള്ള ബാലികയായിരിക്കും പൂരക്കുഞ്ഞി. പാലക്കുന്ന് വടക്കേ വീട്ടില്‍ മണികണ്ഠന്റെയും നിമിഷയുടെയും മകളായ ആദിയയാണ് പൂരക്കുഞ്ഞി.
ഉദുമ പടിഞ്ഞാറ് അംബിക എ എല്‍ പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആദിയയ്ക്ക് പൂരക്കുഞ്ഞിയാവാന്‍ ഇത് മൂന്നാമൂഴമാണ്.

Leave a Reply

Your email address will not be published. Required fields are marked *