വിരലില്‍ പുരട്ടിയ മഷിയടയാളം ജനാധിപത്യത്തിന്റെ കാവലാണെന്ന സന്ദേശവുമായി പള്ളിക്കര ബീച്ചില്‍ കൂറ്റന്‍ മണല്‍ശില്പം ഒരുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറുശതമാനം വോട്ടുറപ്പാക്കാന്‍ ജില്ലാ ഭരണകൂടവും സ്വീപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വോട്ടായനം 2026’ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശില്പം നിര്‍മ്മിച്ചത്. പ്രശസ്ത ശില്പി ചിത്രന്‍ കുഞ്ഞിമംഗലം അഞ്ചുമണിക്കൂര്‍ കൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയ ഇടതുകൈയ്യുടെ മനോഹരമായ ശില്പം തീര്‍ത്തത്.
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ശില്പം ഉദ്ഘാടനം ചെയ്തു. നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത് ഓരോ വോട്ടിലുമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നൂറുശതമാനം പോളിംഗ് ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
യുവജനങ്ങളില്‍ വോട്ടിംഗിനോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു.
സ്വീപ് നോഡല്‍ ഓഫിസര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ കെ. ജിജി, കെ. നിമിഷ, കെ.പി. രമ്യ മോള്‍, കെ. രജനി, കെ. ജ്യോതിഷ്, അനസ് എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം കിഷോര്‍ സ്വാഗതവും, ജില്ലാ പ്രോഗ്രാം മാനേജര്‍ ആതിര.ടി.പി.നന്ദിയും പറഞ്ഞു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ശില്പം കാണാന്‍ ബീച്ചിലെത്തിയ നിരവധി സഞ്ചാരികളാണ് തടിച്ചുകൂടിയത്.