ഭരണമാറ്റം ലക്ഷ്യമിടുന്നവര്‍ക്ക് ഇറാന്റെ അന്ത്യശാസനം: ”മറുപടി ഡിമോണയായിരിക്കും!” വാക്കുകളില്‍ നിന്ന് പ്രവര്‍ത്തിയിലേക്ക് മാറിയ ആ നിമിഷം

മാര്‍ച്ച് 5-ന് ഇറാന്‍ ഉയര്‍ത്തിയ കര്‍ശന മുന്നറിയിപ്പ് ഒരു നയതന്ത്ര പ്രസ്താവനയായി പലരും കണ്ടപ്പോള്‍, ദിവസങ്ങള്‍ക്കകം തന്നെ ആ ഭീഷണി മിസൈല്‍ ആക്രമണത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് ലോകത്തെ ഞെട്ടിച്ചു ഡിമോണ ഇത്രയും കാലം ഇസ്രായേല്‍ കാത്തുസൂക്ഷിച്ച ഏറ്റവും വലിയ സുരക്ഷാ കവചം. എന്നാല്‍ ആ ‘റെഡ് ലൈന്‍’ ഇപ്പോള്‍ ഇറാന്റെ മിസൈല്‍ ലക്ഷ്യമായി മാറിയിരിക്കുന്നു. മാര്‍ച്ച് 5-ന് നല്‍കിയ ആ ഒരൊറ്റ മുന്നറിയിപ്പ് വെറുമൊരു വാക്കല്ലെന്ന് ഇറാന്‍ തെളിയിക്കുമ്പോള്‍, പശ്ചിമേഷ്യയിലെ യുദ്ധതന്ത്രങ്ങള്‍ അടിമുടി മാറുകയാണ്. ”ഡിമോണ ലക്ഷ്യം” എന്നൊരു വാചകം പോലും സാധാരണ സൈനിക വാര്‍ത്തയല്ല അത് ആണവ ശക്തി, രഹസ്യ രാഷ്ട്രീയം, അന്താരാഷ്ട്ര ശക്തിസമവാക്യങ്ങള്‍ എന്നിവയുടെ സങ്കീര്‍ണ്ണ കൂട്ടുകെട്ടാണ്. മാര്‍ച്ച് 5-ന് ഇറാന്‍ ഉയര്‍ത്തിയ കര്‍ശന മുന്നറിയിപ്പ് ഒരു നയതന്ത്ര പ്രസ്താവനയായി പലരും കണ്ടപ്പോള്‍, ദിവസങ്ങള്‍ക്കകം തന്നെ ആ ഭീഷണി മിസൈല്‍ ആക്രമണത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് ലോകത്തെ ഞെട്ടിച്ചു. ഇസ്രയേലും അമേരിക്കയും ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമിടുകയാണെങ്കില്‍ അതിന് മറുപടി ”ഡിമോണ” ആയിരിക്കും എന്ന സന്ദേശം വെറും വാക്കുകളല്ലെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. ഇതോടെ, പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം ഇനി ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്‍ ഒതുങ്ങാതെ, ആണവ ഭീഷണിയുടെ നിഴലില്‍ പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന വിലയിരുത്തലുകള്‍ ശക്തമാകുന്നു.ഡിമോണ ആണവ കേന്ദ്രം എന്തുകൊണ്ട് അത്ര നിര്‍ണായകമാണ് എന്നത് മനസ്സിലാക്കുമ്പോള്‍, ഈ ആക്രമണത്തിന്റെ ഗൗരവം കൂടുതല്‍ വ്യക്തമായി കാണാം. 1958-ല്‍ ആരംഭിച്ച ഈ സൗകര്യം, 1960-കളുടെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമമായി. ഹെവി-വാട്ടര്‍ റിയാക്ടറിന്റെ സഹായത്തോടെ പ്ലൂട്ടോണിയം നിര്‍മ്മിക്കാന്‍ കഴിയുന്ന ഈ കേന്ദ്രം, ഇസ്രയേലിന്റെ ആണവായുധ പദ്ധതിയുടെ ഹൃദയഭാഗമാണെന്ന് വ്യാപകമായി കരുതപ്പെടുന്നു. ഔദ്യോഗികമായി ഇസ്രയേല്‍ തന്റെ ആണവ ശേഷിയെക്കുറിച്ച് തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും, ഡിമോണയാണ് ആ രഹസ്യ ശക്തിയുടെ അടിത്തറയെന്ന വിലയിരുത്തല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് പോലുള്ള പ്രതിരോധ സ്ഥാപനങ്ങളുമായി ചേര്‍ന്ന്, ഗവേഷണവും വികസനവും ആയുധ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നുവരുന്നതായി കരുതപ്പെടുന്നു. അത്യന്തം കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം, ലോകത്തിലെ ഏറ്റവും രഹസ്യപരമായി സൂക്ഷിക്കപ്പെടുന്ന സൈനിക-ആണവ സൗകര്യങ്ങളില്‍ ഒന്നാണ്.ഡിമോണയുടെ രഹസ്യസ്വഭാവം തന്നെ ഇതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പോലും ഈ സൗകര്യത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം കണ്ടെത്താന്‍ വര്‍ഷങ്ങള്‍ എടുത്തിരുന്നു. മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ഹെന്റി ഗോംബര്‍ഗ്, ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ശ്രദ്ധിച്ച അസാധാരണ വിവരങ്ങളാണ് പിന്നീട് ഡിമോണയുടെ യാഥാര്‍ത്ഥ്യം ലോകത്തിന് മുന്നില്‍ എത്തിച്ചത്. സോറെക്കില്‍ അവതരിപ്പിച്ചതിനേക്കാള്‍ വളരെ വലിയ പദ്ധതിയുണ്ടെന്ന സംശയം അദ്ദേഹം പങ്കുവെച്ചതോടെ, അമേരിക്കന്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ അന്വേഷണം ശക്തമാക്കി. 1960 ഡിസംബര്‍ 7-ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇസ്രായേലിനോട് വിശദീകരണം ആവശ്യപ്പെട്ടത്, ഡിമോണയെ അന്താരാഷ്ട്ര നയതന്ത്ര ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. പിന്നീട്, ഈ വിവരം കണ്ടെത്തുന്നതില്‍ ഉണ്ടായ വൈകല്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിക്ക് സമര്‍പ്പിക്കപ്പെട്ടു.ഇത്തരമൊരു അതീവസൂക്ഷ്മ കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി, ആണവ സൗകര്യങ്ങളുടെ സമീപത്ത് പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് പ്രത്യേകമായി മുന്നറിയിപ്പ് നല്‍കി. ഒരു ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം സാധാരണ സൈനിക ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്; അത് നിയന്ത്രിക്കാനാകാത്ത ആണവ ദുരന്തത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. അത്തരമൊരു ദുരന്തം സംഭവിച്ചാല്‍, അത് ഒരു രാജ്യത്തിന്റെ പരിധിയില്‍ മാത്രം ഒതുങ്ങാതെ അയല്‍ രാജ്യങ്ങളിലേക്കും വ്യാപിക്കാം.

Leave a Reply

Your email address will not be published. Required fields are marked *