1606 വീതം പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും നിയമിച്ചു, പരിശീലനം ചൊവ്വാഴ്ച മുതല്‍
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേമ്പറില്‍ നടന്നു. ജില്ലയില്‍ ആകെ 1146 ബൂത്തുകളിലേക്കുള്ള പോളിംഗ് ചുമതലകള്‍ക്കായി 1606 പ്രിസൈഡിങ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇതില്‍ 868 സ്ത്രീകളും 738 പുരുഷന്മാരും ആണുള്ളത്. ജില്ലയില്‍ നിയമിച്ച ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരുടെ എണ്ണവും 1606 ആണ്. ഇതില്‍ 1020 സ്ത്രീകളും 586 പുരുഷന്മാരും ഉണ്ട്. 3212 പോളിംഗ് ഓഫീസര്‍മാരെ നിയമിച്ചതില്‍ 2047 സ്ത്രീകളും 1165 പുരുഷന്മാരും ആണുള്ളത്.
ആവശ്യമായ ഉദ്യോഗസ്ഥരെക്കാള്‍ 40% കൂടുതല്‍ ഉദ്യോഗസ്ഥരെയാണ് പോളിംഗ് ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. പോളിംഗ് ചുമതലകള്‍ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് ‘ഓര്‍ഡര്‍ ‘എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്. അതാത് സ്ഥാപനങ്ങള്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് പോളിങ്ങിനായി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായുള്ള സ്റ്റാറ്റസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ചൊവ്വാഴ്ച ആരംഭിക്കും. 24, 25, 26, 27 തീയതികളില്‍ ആണ് പരിശീലനം. ഒന്നാംഘട്ട റാണ്ടമൈസേഷനില്‍ എ.ഡി.എം കെ.വി ശ്രുതി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.ലീന, കളക്ടറേറ്റ് ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.