സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി അതീവ രഹസ്യ സ്വഭാവത്തോടും മാതൃകാപരമായ രീതിയിലുമാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളില്‍ ഭീതിയുണ്ടാക്കി സാമ്പത്തിക ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
ചോദ്യപേപ്പറിനെക്കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവര്‍ തന്നെ പരിഹാരത്തിനായി തങ്ങളെ സമീപിക്കാന്‍ ആവശ്യപ്പെടുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മോഡല്‍ പരീക്ഷകള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ എഴുതാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ അനാവശ്യ ഉത്കണ്ഠ ഒഴിവാക്കണമെന്നും, കുട്ടികള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപകരും പരീക്ഷാ സംവിധാനങ്ങളും പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഗള്‍ഫ് മേഖലയിലെ യുദ്ധസഹചര്യം കാരണം പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. മാതാപിതാക്കള്‍ക്കൊപ്പം വിദേശത്തു പോയി തിരികെ എത്താന്‍ കഴിയാത്തവര്‍ക്കും പ്രതിസന്ധികള്‍ മാറുന്ന മുറയ്ക്ക് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും, കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.