കാഞ്ഞങ്ങാട് നഗരസഭ വികസന സെമിനാര്‍; പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസനരേഖയ്ക്ക് തുടക്കമായി

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി ‘നവകേരളത്തിനായി ജനകീയ ആസൂത്രണം’ വികസന സെമിനാര്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ സംഘടിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സുസ്ഥിര വികസനത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്നും അടുത്ത തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കാന്‍ നയരൂപീകരണത്തില്‍ കര്‍ശനമായ നിയമങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും എം.പി പറഞ്ഞു. വനനശീകരണം മൂലം വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകരാറിലാകുന്നത് അവ ഭക്ഷണത്തിനായി നാട്ടിലിറങ്ങുന്നതിനും മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വരുംകാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ശുചിത്വ സര്‍വേയുടെ ഭാഗമായുള്ള ‘സ്വച്ഛ് സര്‍വേക്ഷണ്‍’ ലോഗോ ചടങ്ങില്‍ പ്രകാശനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ വിഷയങ്ങളില്‍ പ്രത്യേക ഗ്രൂപ്പ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും കൗണ്‍സിലര്‍മാരുടെയും പൊതുപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ലതാ ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. സുമതി, ഫൗസിയ ഷെരീഫ്, മുഹമ്മദ് മുറിയനാവി, എം. വിജയന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി. കെ. നിഷാന്ത്, മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. വി. സുജാത എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ വിവിധ വാര്‍ഡുകളെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍മാരും പങ്കെടുത്തു. നഗരസഭയുടെ വരാനിരിക്കുന്ന വികസന പദ്ധതികള്‍, മുന്‍ഗണനാ ക്രമം, നിലവിലെ വെല്ലുവിളികള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കരട് പദ്ധതി രേഖ സെമിനാറില്‍ അവതരിപ്പിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം. പി. ജാഫര്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് ചന്ദ്രന്‍ കിഴക്കേ വീട്ടില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *