പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ മുച്ചിലോട്ട് ഭഗവതിയുടെ നര്‍ത്തകനാകാന്‍ സി. അരവിന്ദന്‍ (51) കോമരം സ്ഥാനം ഏറ്റെടുത്തു. ഏഴ് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന കോമരസ്ഥാനത്തേക്കാണ് കളനാട് പ്രദേശികം വാണിയര്‍മൂലയിലെ മുന്‍ പ്രവാസിയായ അരവിന്ദന്‍ നിയോഗിതനായത്. ക്ഷേത്ര തിരുനടയില്‍ നടന്ന പ്രശ്‌നചിന്ത വിധി പ്രകാരമായിരുന്നു തീരുമാനം. ശനിയാഴ്ച അരവത്ത് കെ. യു. പത്മനാഭ തന്ത്രിയുടെയും തുടര്‍ന്ന് ചിറക്കല്‍ കോവിലകത്ത് വലിയ രാജയില്‍ നിന്ന് അനുഗ്രഹവും അനുവാദവും വാങ്ങി ശനിയാഴ്ച ക്ഷേത്രത്തിലെത്തിയ നിയുക്ത കോമരത്തെ ഭക്തര്‍ ഭക്ത്യാദരപൂര്‍വ്വം സ്വീകരിച്ചു. ക്ഷേത്രത്തില്‍ നിറഞ്ഞുകൂടിയ നൂറു കണക്കിന് ഭക്തജങ്ങളെ സാക്ഷിയാക്കി ഞായറാഴ്ച രാവിലെ മുതല്‍ നടന്ന അനുഷ്ഠാന ചടങ്ങുകളും അരങ്ങില്‍ അടിയന്തിരവും പൂര്‍ത്തിയാക്കി ആചാരപ്പെടുകയായിരുന്നു. നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ രാഘവന്‍ കോമരത്തില്‍ നിന്നാണ് ശിഷ്യത്വം സ്വീകരിച്ചത്. പരേതനായ ചന്തുവിന്റെയും ചെറിയമ്മയുടെയും മകനാണ്. സരസ്വതിയാണ് ഭാര്യ. ആര്യയും ആരാധ്യയും മക്കള്‍.