കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിലെ സാധ്യതകളും വെല്ലുവിളികളും പരിഗണിച്ച് ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ പ്രായോഗികവും ജനകീയവുമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നിലവിലെ പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷമായതിനാല്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വരാനിരിക്കുന്ന പഞ്ചവത്സര പദ്ധതിക്കായി ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസന പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ജില്ലാ ആശുപത്രിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സബീഷ്, സുകുമാരി ശ്രീധരന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കെ. മഞ്ജിഷ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.പി ജയശ്രീ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച് മുഹമ്മദ് ഹനീഫ, മുഹമ്മദ് ബഷീര്‍ പാക്യാര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 2026-27 വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ മഞ്ജിഷ അവതരിപ്പിച്ചു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തി.വൈസ് പ്രസിഡന്റ് പി. ഗോവിന്ദന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.