രാജപുരം: ലോക കാന്‍സര്‍ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫെറന്‍സ് ഹാളില്‍ വെച്ച് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സജിത ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അജയ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ജോളി തോമസ്, കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി കെ ജിഷ, ജില്ലാ പാലിയേറ്റീവ് കോഓര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ എം വി കൃപേഷ് സ്വാഗതവും പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് കെ ശ്രീജ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ബോധവത്കരണ സെമിനാറും പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ സംഗമവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.