പ്രതീക്ഷിച്ചിരുന്ന സംസ്ഥാന അവാര്‍ഡ് കിട്ടിയില്ല; അടുത്ത വര്‍ഷം മാഷെ തേടിയെത്തിയത് ദേശീയ അവാര്‍ഡ്
പാലക്കുന്ന് ക്ഷേത്രത്തിലെ പ്രഥമ ഭരണ സമിതിയിലെ അവസാന കണ്ണി
പാലക്കുന്നില്‍ കുട്ടി
അധ്യാപകര്‍ക്കള്ള 1985 ലെ സംസ്ഥാന അവാര്‍ഡ് കരുണാകരന്‍ മാസ്റ്റര്‍ക്ക് ഉറപ്പാണെന്ന് ഏതാണ്ട് പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളെയും നിരാശപ്പെടുത്തിയായിരുന്നു ആ അവാര്‍ഡ് പ്രഖ്യാപനം. ഇരട്ടിയിലേറെ മധുരവുമായി തൊട്ടടുത്ത വര്‍ഷം കണ്ടത്തില്‍ വളപ്പില്‍ കെ. വി. കരുണാകരനെ തേടിയെത്തിയത് അദ്ധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരമായിരുന്നു.

1986 സെപ്റ്റംബര്‍ 4 നുള്ള ആകാശവാണിയിലെ സായാഹ്ന വാര്‍ത്തയിലൂടെയാണ് ആദ്യമായി ഈ വാര്‍ത്ത മാഷ് നേരിട്ട് കേട്ടത്. അതും പാലക്കുന്ന് ടെംപിള്‍ റോഡിലെ സിഎച്ച്. ഹാര്‍ഡ് വയര്‍ ഷോപ്പില്‍ നിന്ന്. വാര്‍ത്ത കേട്ട ഉടനെ മാഷ് റിക്ഷയില്‍ കയറി വീട്ടിലേക്ക് പോയെന്ന് ആ കട നടത്തുന്ന ഹബീബ് എന്നോട് പറഞ്ഞു. ആ കടയുടെ നേരെ എതിര്‍ വശത്താണ് എന്റെ വീട്. മാഷിന്റെ ഈ സന്തോഷത്തില്‍ ആദ്യം അഭിനന്ദനം അറിയിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന്റെ ശിഷ്യനായ എനിക്ക് ആവട്ടെ എന്ന സ്വാര്‍ത്ഥതയില്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ കൂടിയായ എന്റെ സഹോദരി ഭര്‍ത്താവ് കമലാക്ഷനെയും കൂട്ടി മറ്റൊരു റിക്ഷയില്‍ കണ്ടത്തു വളപ്പിലെത്തി. ദേശീയ പുരസ്‌കാരം നേടിയ ഗുരുവിനെ ആദ്യം അഭിനന്ദനം അറിയിക്കാനുള്ള അവസരം അങ്ങിനെ ഞങ്ങള്‍ സ്വന്തമാക്കി. 1987 ലെ അധ്യാപക ദിനമായ സെപ്റ്റംബര്‍ 5ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍ നിന്ന് ദേശീയ പുരസ്‌കാരം ഏറ്റു വാങ്ങിയ ധന്യ മുഹൂര്‍ത്തം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഗ്രഹമാണെന്ന് അദ്ദേഹം ഇടക്കിടെ ഓര്‍മപ്പെടുത്തുമായിരുന്നു.
പാലക്കുന്ന് ക്ഷേത്രവുമായുള്ള ബന്ധം..
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രവുമായുള്ള കരുണാകരന്‍ മാസ്റ്റരുടെ പ്രവര്‍ത്തന വിശേഷങ്ങള്‍ ഏറെയാണ്.1957 വരെ അപ്പുടു പൂജാരിയുടെ നേതൃത്വത്തില്‍ മറ്റു ആചാരസ്ഥാനികര്‍ ചേര്‍ന്ന് നടത്തിയിരുന്ന ക്ഷേത്ര നടത്തിപ്പ് ജനാധിപത്യ രീതിയിലേക്ക് മാറിയത് അപ്പുടു പൂജാരിയും 17 പേരും 1957 നവംബര്‍ 15 ന് ഹോസ്ദുര്‍ഗ് സബ് രജിസ്റ്റാര്‍ മുഖേന ഒപ്പിട്ട പ്രമാണം അനുസരിച്ചായിരുന്നു. അതനുസരിച്ച് രൂപം കൊണ്ട ഭരണ സമിതിയിലെ അവസാന കണ്ണിയായിരുന്നു അന്തരിച്ച കരുണാകരന്‍ മാഷ് എന്നത് പലര്‍ക്കും ഓര്‍മ്മ വിട്ടുപോയ അറിവാണ്. ആദ്യ സമിതിയില്‍ അംഗമായ മറ്റാരും ഇപ്പോഴില്ല.
ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന അദ്ദേഹം ആദ്യം ട്രഷറര്‍ ആയും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. അംബിക ഓഡിറ്റോറിയത്തിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിന്റെ ഉപസമിതിയായ അംബിക പരിപാലന സംഘത്തിന്റെ പ്രസിഡന്റായും ഏറെക്കാലം പ്രവര്‍ത്തിച്ചു. മൂന്ന് വര്‍ഷം ഇടവിട്ട് നടത്തുന്ന ക്ഷേത്ര ഭരണ സമിതിയുടെ തിരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരിയായി തുടര്‍ച്ചയായി ഒട്ടേറെ വര്‍ഷം പ്രവര്‍ത്തിക്കാനും ക്ഷേത്ര ഭരണ സമിതി കണ്ടെത്തിയത് അദ്ദേഹത്തെ ആയിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട സമുദായ അനുഷ്ഠാനങ്ങളില്‍ വേറിട്ട നിലപാട് സ്വീകരിച്ചപ്പോള്‍, മാഷിന്റെ ശിഷ്ട ജീവിതം ക്ഷേത്ര ഭരണ നിര്‍വഹണങ്ങളിലെ സജീവ സാനിധ്യത്തില്‍ നിന്ന് വഴിമാറിയ പോലെയായി തോന്നിയത് ചരിത്രം.

നിര്‍ണായകമായത് ബാലകലോത്സവം…
സംസ്ഥാനത്ത് അപ്പര്‍ പ്രൈമറി സ്‌കൂള്‍തല ബാലകലോത്സവത്തിന് തുടക്കം കുറിച്ചത് ബേക്കല്‍ വിദ്യാഭ്യാസ ഉപജില്ലയിലായിരുന്നു. അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സി. നായരുടെയും കോട്ടിക്കുളം ഗവ. യു. പി. സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന കെ.വി. കരുണാകാരന്റെയും ആശയമായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ പ്രൈമറി തല ബാലകലോത്സവം. തുടര്‍ന്ന് സംസ്ഥാനതലം വരെ സ്‌കൂള്‍ കലോത്സവങ്ങള്‍ എത്തിയത് ചരിത്രം. അധ്യാപകര്‍ക്കുള്ള മികച്ച സേവനത്തിന് ഇതും നിമിത്തമായെന്ന് വേണം കരുതാന്‍. സംസ്ഥാന അവാര്‍ഡില്‍ ഒതുങ്ങേണ്ടതല്ല കരുണാകരന്‍ മാസ്റ്റര്‍ക്കുള്ള അവാര്‍ഡ് എന്ന ബന്ധ പ്പെട്ടവരുടെ തിരിച്ചറിവായിരിക്കാം അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ ദേശീയ അവാര്‍ഡിനര്‍ഹനാക്കിയത്. അധ്യാപക ജോലിയോടൊപ്പം സാമൂഹിക കലാ സാംസ്‌കാരിക കായിക രംഗത്തും ശ്രദ്ധ പതിപ്പിച്ചിരുന്നു. സബ് ജില്ലാ ഗെയിംസ് സെക്രട്ടറിയായി ഏറെ വര്‍ഷം തുടര്‍ന്നു. സബ് ജില്ലതല റഫറന്‍സ് ലൈബ്രറിയുടെ സ്ഥാപനത്തിനും പ്രവര്‍ത്തനത്തിനും പിന്നില്‍ അദ്ദേഹമായിരുന്നു മുന്‍പില്‍. ഉദുമ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പ്രധാന അധ്യാപകനായി അതേ സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡിന്റെ കീഴില്‍ കൊളത്തൂര്‍ ഗ്രാമത്തിലെ ഏകാധ്യാപക സ്‌കൂളില്‍ ആയിരുന്നു തുടക്കം.
1962ല്‍ കോട്ടിക്കുളം ഗവ. യു. പി. സ്‌കൂളില്‍ പ്രധാനാധ്യാപകനായിട്ടായിരുന്നു വരവ്. അപ്പോഴായിരുന്നു സബ് ജില്ലാ തലത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായതും ബാലകലോത്സവത്തിന് തുടക്കമിട്ടതും. ഉദുമ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ജോലിയിലിരിക്കെയാണ് ദേശീയ പുരസ്‌കാര വാര്‍ത്ത എത്തിയത്. ആരോരുമറിയാതെ ഷഷ്ഠിപൂര്‍ത്തിയും സപ്തതിയും കടന്നു പോയി.സഹസ്ര പൂര്‍ണചന്ദ്രദര്‍ശനവും (ശതാഭിഷേകം) കണ്ടാണ് 92 -ആം വയസില്‍ അദ്ദേഹം നമ്മളോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പല മേഖലകളില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയവര്‍ ഉദുമയിലും പാലക്കുന്നിലും ഒട്ടേറെ പേരുണ്ട്.
മരണാനന്തരം…
മരണാനന്തര ചടങ്ങുകള്‍ സംസ്‌കാരത്തിന് ശേഷം പ്രാര്‍ത്ഥനകളില്‍ മാത്രം മതി എന്നതാണ് അദ്ദേഹത്തിന്റെ പണ്ടേയുള്ള നിലപാട്. അതിനായി ചെലവഴിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കുന്നതാണ് കുടുംബത്തിന്റെ രീതി.40 ദിവസം മുന്‍പ് മരണപ്പെട്ട ഭാര്യയുടെ പേരില്‍ സഹായ ധനം നല്‍കേണ്ടവരുടെ പേര് വിവരങ്ങള്‍ ഡയറിയില്‍ പ്രത്യേകം എഴുതി വെച്ചിട്ടുണ്ട്. അതോടൊപ്പം അച്ഛന്റെയും പേരിലും തുക ചേര്‍ത്ത് സഹായ ധനം നല്‍കുമെന്ന് മക്കള്‍ അറിയിച്ചു.
ഭാര്യ മരണപെട്ട് 40 -ആം ദിവസമാണ് മാഷിന്റെ മരണം. പ്രായാധിക്യത്തില്‍ സ്വാഭാവികമായുണ്ടാകുന്ന അവശതകളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. പത്രവായനയും ദൈനംദിന ഡയറി എഴുത്തും അവസാന നാളുവരെ തുടര്‍ന്നിരുന്നുവെന്ന് നിഴല്‍ പോലെ അദ്ദേഹത്തെ പരിചരിച്ച മരുമകന്‍ സി എം ബാബുവും പലപ്പോഴായി വീട്ടിലെത്തുന്ന ശിഷ്യന്‍ ആയംബാറ രാഘവനും പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.