പുല്ലൂര്‍: വാഹന അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ മകന്‍ അഖില്‍ രാജിന്റെ ഓര്‍മ്മയ്ക്കായി ഒരു ഗ്രന്ഥാലയവും വായനശാലയും തന്റെ സ്വന്തം നാട്ടില്‍ സ്ഥാപിക്കണമെന്നത് പി. കെ രാജന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ അതിനുള്ള അക്ഷീണ പ്രയത്‌നത്തിനിടയില്‍ അപ്രതീക്ഷിതമായി രാജനും ഈ ലോകത്തോട് വിടപറഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെയും സഹൃദയ സ്‌നേഹികളുടെയും നേതൃത്വത്തില്‍ അഖില്‍ രാജിന്റെ ഓര്‍മ്മ ദിനമായ ജനുവരി 25ന് അഖില്‍ രാജ് സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം യാഥാര്‍ത്ഥ്യമായി. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ.സി. കെ. സബിത നിര്‍വഹിച്ചു. വായനശാല പ്രസിഡണ്ട് എം. ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കവി ദിവാകരന്‍ വിഷ്ണുമംഗലം വിശിഷ്ടാതിഥിയായി പങ്കെടുത്തു ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് സുനില്‍ പട്ടേന അഖില്‍ രാജിന്റെ ഫോട്ടോ അനാച്ഛാ ദനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ. മഞ്ജിഷ ലൈബ്രറിയിലേക്ക് വിവിധ വ്യക്തികളും സംഘടനകളും നല്‍കിയ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍മാരായ എ. സന്തോഷ് കുമാര്‍, കെ. ബിന്ദു, അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ പി. കെ. കാര്‍ത്യായനി എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി വിഷ്ണുമംഗലം നാരായണന്‍ സ്വാഗതവും ഗ്രന്ഥാലയം നിര്‍വാഹക സമിതി അംഗം പി.ടി. ഗംഗാധരന്‍ നന്ദിയും പറഞ്ഞു. പായസ വിതരണവും നടന്നു