പാലക്കുന്ന് : മുന്‍ അധ്യാപകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഉദുമ കണ്ടത്ത് വളപ്പില്‍ കെ.വി. കരുണാകരന്‍ (92) അന്തരിച്ചു. അദ്ദേഹം പ്രഥമാധ്യാപകനായിരുന്ന കോട്ടിക്കളം ഗവ. യു.പി സ്‌കൂളിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ ബാലകലോത്സവത്തിന് തുടക്കമിട്ടത്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പ്രഥമ ഭരണസമിതിയിലെ അംഗമായിരുന്ന അദ്ദേഹം ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ആദ്യ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായും തുടര്‍ന്ന് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഏറെ വര്‍ഷക്കാലം ക്ഷേത്ര അംബിക പരിപാലന സംഘത്തിന്റെ പ്രസിഡന്റ്, ക്ഷേത്ര ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി സ്ഥാനങ്ങളും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനെഴ്‌സ് ഉദുമ യൂണിറ്റ് പ്രസിഡന്റും ആയിരുന്നു.
പരേതരായ അപ്പയുടെയും, കുഞ്ഞിതേയിയുടെയും മകന്‍. ഭാര്യ കെ. ഭാനുമതി 40 ദിവസം മുന്‍പാണ് മരിച്ചത്.
മക്കള്‍: ഡോ. കെ. വി. ജയപ്രകാശ് (കോഴിക്കോട്), കെ. വി. ജയചന്ദ്രന്‍ (ഷാങായി, ചൈന), കെ. വി. ജയശ്രീ (മുംബൈ), അഡ്വ. കെ. വി. ജയരാജ് (നോട്ടറി കാഞ്ഞങ്ങാട്).
മരുമക്കള്‍: പി. ആര്‍. അനുരാധ (പ്രൊഫസര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോഴിക്കോട്), ഹിത (ഷറഫ കോളജ്, പടന്ന), മുരളിധരന്‍ (ബിസിനസ് മുംബൈ), ഡോ. വി. കെ.സനില (പ്രൊഫസര്‍ കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് പരിയാരം).
സഹോദരങ്ങള്‍: കെ. വി. കുമാരന്‍(മുന്‍ അധ്യാപകന്‍, വിവര്‍ത്തകന്‍, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ), കെ. വി. രാഘവന്‍ (പി പി ഐ റാലിസ് ഇന്ത്യ മുന്‍ ഉദ്യോഗസ്ഥന്‍, ഊട്ടി), പരേതരായ കണ്ണന്‍കുട്ടി (മുന്‍ ഡെപ്യുട്ടി കലക്ടര്‍, ചെന്നൈ), ചിരുത, കറുവന്‍, കുഞ്ഞമ്മ.
പാലക്കുന്നിലും ഉദുമയിലും അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പെട്ട പലരും ഇപ്പോള്‍ സമൂഹത്തിന്റെ ഉന്നത തലത്തിലാണ്. അവരില്‍ സ്ഥലത്തുള്ള പലരും മാഷെ ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. വീട്ടിലെ അന്ത്യ കര്‍മങ്ങള്‍ക്കു ശേഷം ഭൗതിക ശരീരം ഞായറാഴ്ച രാവിലെ കാപ്പില്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മാഷിന്റെ ആഗ്രഹമനുസരിച്ച് തുടര്‍ന്നുള്ള മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്.