ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദക്ഷിണ കൊറിയന്‍ വിനോദസഞ്ചാരിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റിലായി. വിമാനത്താവളത്തിലെ സ്റ്റാഫ് അംഗമായ അഫാന്‍ അഹമ്മദിനെയാണ് പോലീസ് പിടികൂടിയത്. സുഹൃത്തിനെ സന്ദര്‍ശിക്കാനായി ബെംഗളൂരുവിലെത്തിയ യുവതി തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
ജനുവരി 19-ന് കൊറിയയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ എത്തിയതായിരുന്നു യുവതി. ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം സുരക്ഷാ പരിശോധനയ്ക്കിടെ ലഗേജില്‍ നിന്ന് അസ്വാഭാവിക ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് അഫാന്‍ അഹമ്മദ് യുവതിയെ തടഞ്ഞു. നിയമപരമായ പരിശോധനയാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഇയാള്‍ പുരുഷന്മാരുടെ വിശ്രമമുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അവിടെ വെച്ച് സുരക്ഷാ പരിശോധനയുടെ മറവില്‍ പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും പിന്നിലൂടെ കെട്ടിപ്പിടിക്കുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. പെട്ടെന്നുണ്ടായ പ്രവൃത്തിയില്‍ പരിഭ്രാന്തയായ യുവതി പിന്നീട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ സഹായത്തോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും തന്നെ പിന്തുണച്ചുവെന്നും യുവതി വ്യക്തമാക്കി.