ജയ്പൂര്‍: സംസാരിക്കാന്‍ വിസമ്മതിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആസിഡ് എറിഞ്ഞു പരിക്കേല്‍പ്പിച്ച യുവാവിനെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീ ഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്‍ക്കിന് സമീപമാണ് ആക്രമണം നടന്നത്. ഫോട്ടോഗ്രാഫറായ ഓംപ്രകാശ് (19) ആണ് പിടിയിലായത്.
വിവാഹച്ചടങ്ങുകള്‍ക്കിടയിലാണ് പ്രതി പെണ്‍കുട്ടിയെ ആദ്യമായി കാണുന്നത്. പിന്നീട് പലതവണ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇയാളെ ശകാരിക്കുകയും ഒഴിവാക്കുകയും ചെയ്തു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായത്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയുടെ നേരെ ബൈക്കിലെത്തിയ പ്രതി ആസിഡ് കുപ്പി വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈകള്‍ക്ക് പൊള്ളലേല്‍ക്കുകയും വസ്ത്രങ്ങള്‍ നശിക്കുകയും ചെയ്തു.
പ്രതി മുഖം മറയ്ക്കുകയും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് തുണികൊണ്ട് മൂടുകയും ചെയ്തിരുന്നു. എങ്കിലും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പ്രദേശത്തെ തിരക്കേറിയ മാര്‍ക്കറ്റിലൂടെ പരസ്യമായി നടത്തിച്ചാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിയമത്തോടുള്ള ഭയം സമൂഹത്തില്‍ ഉണ്ടാക്കാനുമാണ് ഇത്തരമൊരു നടപടിയെന്ന് പോലീസ് വ്യക്തമാക്കി.