പത്തനംതിട്ട: കൊടുമണ്ണില്‍ കാര്‍ യാത്രക്കാരന് വഴി പറഞ്ഞുകൊടുക്കുകയായിരുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊടുമണ്‍ ഇടത്തിട്ട സ്വദേശി മിഥുന്‍ എം.എസ് (38) ആണ് പിടിയിലായത്. ജനുവരി 9-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇടത്തിട്ടയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ചന്ദനപ്പള്ളി ഭാഗത്തുനിന്നെത്തിയ കാര്‍ യാത്രക്കാരന് കൊടുമണ്ണിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുകയായിരുന്നു യുവാവ്. ഈ സമയം പിന്നിലെത്തിയ ഇന്നോവ കാറില്‍ നിന്നിറങ്ങിയ മിഥുന്‍ റോഡില്‍ നിന്നാണോടാ കാര്യം പറയുന്നത് എന്ന് ആക്രോശിച്ചുകൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ യുവാവ് സമീപത്തെ സ്‌കൂട്ടറിലേക്ക് മറിഞ്ഞുവീണു. വീണുകിടന്ന യുവാവിന്റെ നെഞ്ചിലും വയറ്റിലും ചവിട്ടിയ പ്രതി, കൈയിലിരുന്ന താക്കോല്‍ കൊണ്ട് യുവാവിന്റെ കഴുത്തില്‍ കുത്തുകയും ചെയ്തു.
ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പാലക്കാട് ഒറ്റപ്പാലത്തിന് സമീപം മണ്ണിശ്ശേരിയില്‍ നിന്നാണ് കൊടുമണ്‍ സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് പിയുടെ നേതൃത്വത്തില്‍ ഉളള സംഘം പിടികൂടിയത്. പ്രതി സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. യുവാവ് പരിക്കിനെത്തുടര്‍ന്ന് നാല് ദിവസത്തോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.