പെരിയ: കേരള കേന്ദ്ര സര്‍വകലാശാല, നാഷണല്‍ സര്‍വ്വീസ് സ്‌കീം സെല്‍ കേരള, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എന്‍എസ്എസ് വളണ്ടിയേഴ്‌സിനായി സംഘടിപ്പിച്ച പ്രത്യേക ദുരന്ത നിവാരണ പരിശീലന ക്യാമ്പ് ‘യുവ ആപത് മിത്ര’ സമാപിച്ചു. ദുരന്തം നേരിടുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ പരിശീലനവും അവബോധവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവിഷ്‌കരിച്ച ഏഴ് ദിവസത്തെ ക്യാമ്പ് പെരിയ ക്യാമ്പസില്‍ സംഘടിപ്പിച്ചത്. പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി.
ജില്ലയിലെ ഇരുപതിലേറെ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 150 എന്‍എസ്എസ് വളണ്ടിയര്‍മാരാണ് പരിശീനം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ദുരന്തമുഖത്ത് ആവശ്യമായ എമര്‍ജന്‍സി റെസ്‌പോണ്‍സ് കിറ്റുകളും വിതരണം ചെയ്തു. സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ദേവിപ്രിയ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. കേരള കേന്ദ്ര സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി, എന്‍എസ്എസ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. കെ.വി. വിനീഷ് കുമാര്‍, ആപത് മിത്ര മാസ്റ്റര്‍ ട്രെയിനര്‍ രതീഷ് കല്ല്യോട്ട് എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഗുജ്ജേട്ടി തിരുപ്പതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.