കേരള വനിതാ കമ്മീഷന്‍ നടപ്പാക്കുന്ന ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ , മെമ്പര്‍ സെക്രട്ടറി കെ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘പറന്നുയരാം കരുത്തോടെ’ എന്ന ടാഗ്ലൈനില്‍ സംസ്ഥാനത്തുടനീളം കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പ്രശസ്തനടി മഞ്ജു വാര്യരാണ് കാമ്പയിന്‍ അംബാസിഡര്‍. ആദ്യഘട്ടമായി സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 19 (തിങ്കളാഴ്ച്ച )ഉച്ചയ്ക്ക് 3 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വനിതാ ശിശുവികസന, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, ഡയറക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ കളക്ടര്‍ അനുകുമാരി, പോലീസ് ഐ ജി എസ് അജിതാബീഗം, കമ്മീഷന്‍ അംഗങ്ങളായ അഡ്വ ഇന്ദിരാ രവീന്ദ്രന്‍, അഡ്വ എലിസബത്ത് മാമന്‍ മത്തായി, വി ആര്‍ മഹിളാമണി, അഡ്വ പി കുഞ്ഞായിഷ തുടങ്ങിയവര്‍ പങ്കെടുക്കും.
‘നമുക്കെങ്ങനെ പറന്നുയരാം’ എന്ന വിഷയത്തില്‍ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ് ഭാഗ്യലക്ഷ്മി മോഡറേറ്ററാകുന്ന സംവാദവും ഉണ്ടാകും. സര്‍ക്കാര്‍ പ്ളീഡര്‍, പ്രോസിക്യൂട്ടര്‍ ഡോ. ടി ഗീനാകുമാരി, ജന്‍ഡര്‍ കണ്‍സല്‍ട്ടന്റ് ഡോ. ടി കെ ആനന്ദി, എഴുത്തുകാരി ഡോ. ചന്ദ്രമതി, എച്ചുമുക്കുട്ടി, മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ് അംഗം ഡോ. ഷാലിമ, കമ്മീഷന്‍ അംഗങ്ങള്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, ലോ ഓഫീസര്‍ കെ ചന്ദ്രശോഭ തുടങ്ങിയവര്‍ പാനലിസ്റ്റുകളാകും. തുടര്‍ന്ന് പ്രശസ്ത ഗായിക ആര്യ ദയാലിന്റെ സംഗീത പരിപാടി നടക്കും.
കമ്മീഷന്‍ ആസ്ഥാനമായ തിരുവനന്തപുരത്തും ,മേഖലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും വനിതകള്‍ക്ക് സൗജന്യ കൗസിലിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കമ്മീഷന്‍ അധ്യക്ഷ അഭ്യര്‍ത്ഥിച്ചു.