പരീക്ഷാ പരാജയങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ലെന്ന് തെളിയിച്ചുകൊണ്ട്, തളര്‍ന്നുപോയ കൗമാരക്കാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് കേരള പോലീസിന്റെ ‘ഹോപ്പ്’. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ പരാജയപ്പെട്ട് സമൂഹത്തില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോകുന്ന കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 4.5 ലക്ഷം കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നുണ്ട്. 98 ശതമാനം വിജയം ആഘോഷിക്കപ്പെടുമ്പോഴും ബാക്കി വരുന്ന രണ്ട് ശതമാനം കുട്ടികള്‍, അതായത് ഏകദേശം പതിനായിരത്തോളം പേര്‍, വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട് അപകര്‍ഷതാബോധത്തിന് അടിമയാകുന്ന ഈ കുട്ടികള്‍ അറിഞ്ഞോ അറിയാതെയോ ലഹരി മാഫിയകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും വലയില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് ഇത്തരമൊരു പദ്ധതിക്ക് പോലീസിനെ പ്രേരിപ്പിച്ചത്. ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
2019 ലാണ് കാസര്‍കോട് ജില്ലയില്‍ ഹോപ്പ് പദ്ധതി ആരംഭിക്കുന്നത്. ഇതുവരെ മുന്നൂറ്റമ്പതിലധികം കുട്ടികളാണ് ഈ പദ്ധതിയിലൂടെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ലേണിംഗ് സെന്റര്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ഹോപ്പിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഇവിടെ റിസോഴ്‌സ് പേഴ്‌സണ്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍, മെന്റര്‍മാര്‍, സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഹോപ്പിലൂടെ പരീക്ഷയെഴുതിയ 75 കുട്ടികളും വിജയിച്ചതോടെ നൂറ് ശതമാനം നേട്ടം കൈവരിക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് വഴി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയവരില്‍ 82 ശതമാനം പേരും വിജയിച്ചു. ഈ മികച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലയായി കാസര്‍കോട് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ 82 കുട്ടികളാണ് ജില്ലയില്‍ ഹോപ്പിന് കീഴില്‍ പഠിക്കുന്നത്.
ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കായി ഇവര്‍ ഒരുങ്ങിക്കഴിഞ്ഞു. കേവലം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലുപരി കുട്ടികളെ തൊഴില്‍ സജ്ജരാക്കുന്നതിലും ഹോപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയ പല കുട്ടികള്‍ക്കും മിംസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നേരിട്ട് ജോലി ലഭിച്ചു.’പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയേക്കാവുന്ന അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിപ്പെട്ടേക്കാവുന്ന ഒരു തലമുറയെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഹോപ്പിന് സാധിക്കുന്നു’ ഹോപ്പ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍.പി കെ രാമകൃഷ്ണന്‍ പറഞ്ഞു.