ഡല്‍ഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ യുവതിയെ ഡല്‍ഹിയില്‍ നടുറോഡില്‍ വെടിവെച്ചു കൊന്നു. ഷാലിമാര്‍ബാഗ് റെസിഡന്റ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റായ രചന യാദവ് (44) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ 10.59 ഓടെയായിരുന്നു സംഭവം. അയല്‍വീട്ടില്‍ നിന്ന് മടങ്ങി വരികയായിരുന്ന രചനയെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. സ്‌പോര്‍ട്‌സ് ബൈക്കിലെത്തിയ സംഘം രചനയെ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ചുറപ്പുവരുത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനുശേഷം അക്രമികള്‍ ബൈക്കില്‍ കടന്നുകളഞ്ഞു.
2023-ല്‍ രചനയുടെ ഭര്‍ത്താവ് വിജേന്ദ്ര യാദവ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മുഖ്യ സാക്ഷിയായിരുന്നു രചന യാദവ്. വിജേന്ദ്ര യാദവിനെ കൊന്ന കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കെ രചന മൊഴി നല്‍കുന്നത് തടയാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നിഗമനം. വിജേന്ദ്ര യാദവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തന്നെയാണ് രചനയെ കൊലപ്പെടുത്തിയതിന് പിന്നിലെന്നുമാണ് പോലീസ് കരുതുന്നത്. ഭാരത് യാദവ് എന്നയാളടക്കം ആറുപേരായിരുന്നു കൊലക്കേസിലെ പ്രതികള്‍. വിജേന്ദ്ര യാദവിനെ കൊന്ന കേസിലെ മറ്റ് പ്രതികള്‍ ജയിലിലാണെങ്കിലും മുഖ്യപ്രതിയായ ഭാരത് യാദവ് ഇപ്പോഴും ഒളിവിലാണ്. ഇയാളാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.