തിരുവനന്തപുരം: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. ആര്യനാട് കാഞ്ഞിരംമൂട് തൂമ്പുംകോണം സ്വദേശി അഖിലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ അരുണ്‍ രമേശ്, ചെറിയ ആര്യനാട് സ്വദേശി ജിഷ്ണു കുമാര്‍ എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഖിലിന്റെ വീടിന് മുന്നില്‍ വെച്ചിരുന്ന ബൈക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ പ്രതികളെ കാണുകയായിരുന്നു. ഇവര്‍ ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അഖില്‍ ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ അഖിലിനെ മര്‍ദിക്കുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ അഖിലിന്റെ പരാതിയെത്തുടര്‍ന്ന് ആര്യനാട് പൊലീസ് അറസ്റ്റു ചെയ്തു. അരുണും ജിഷ്ണു കുമാറും മുന്‍പും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.