സപ്ലൈകോയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മാവേലി സ്റ്റോറുകളെ സൂപ്പര്‍ സ്റ്റോറുകളായി ഉയര്‍ത്തുന്നതിനും കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. പെരിയ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ ജനങ്ങളിലേക്ക് സപ്ലൈകോയുടെ സേവനങ്ങള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റത്തിന്റെ ഭീതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് മുന്‍വര്‍ഷങ്ങളിലും ഇപ്പോഴും സപ്ലൈകോ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ വിലക്കുറച്ചും വിവിധ ഓഫറുകളിലൂടെയും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സര്‍ക്കാര്‍ നിലപാട് സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സപ്ലൈകോയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാകണമെന്ന് സര്‍ക്കാര്‍ മാത്രമല്ല ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിമാസം 300 കോടിയിലധികം രൂപയുടെ വില്‍പ്പനയും ഓണക്കാലത്ത് 380 കോടിയോളം രൂപയുടെ വില്‍പ്പനയും നടത്താന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏകദേശം 50 ലക്ഷം കുടുംബങ്ങള്‍ പ്രതിമാസം സപ്ലൈകോ മാര്‍ക്കറ്റുകള്‍ ആശ്രയിക്കുന്ന തരത്തിലേക്ക് സപ്ലൈകോ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനും മാവേലി സ്റ്റോറുകളെ സൂപ്പര്‍ സ്റ്റോറുകളാക്കി ഉയര്‍ത്താനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് സപ്ലൈകോ മാര്‍ക്കറ്റുകള്‍. ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ വിശേഷ ദിനങ്ങളില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് സപ്ലൈകോ. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ കേന്ദ്രങ്ങളില്‍ പുതിയ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുകയും നിലവിലുള്ള സ്റ്റോറുകളെ സൂപ്പര്‍ സ്റ്റോറുകളായും സൂപ്പര്‍ മാര്‍ക്കറ്റുകളായും മാറ്റി എല്ലാ ഉല്‍പ്പന്നങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന സംവിധാനമായി വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ആദ്യ വില്‍പ്പന പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത നിര്‍വഹിച്ചു. പ്രദേശവാസിയായ അബ്ദുള്‍ സത്താര്‍ ആദ്യ ഉപഭോക്താവായി.
ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. രാധിക, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശാന്ത, വാര്‍ഡ് മെമ്പര്‍മാരായ സി. ശോഭന, കെ. ബിന്ദു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ. ഗംഗാധരന്‍, എം. മോഹനന്‍, പ്രമോദ് പെരിയ, എ.എം. മുരളീധരന്‍, കെ.ഇ.എ. ബക്കര്‍, അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. സപ്ലൈകോ മേഖല മാനേജര്‍ ഷെല്‍ജി ജോര്‍ജ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു നന്ദിയും പറഞ്ഞു.