മൊബൈല്‍ മോഷണം തടയാന്‍ ക്രൂരത; 12 വയസ്സുകാരനെ ചങ്ങലയില്‍ ബന്ധിച്ച് മാതാപിതാക്കള്‍

നാഗ്പൂര്‍: മൊബൈല്‍ മോഷണം പതിവാക്കിയെന്നാരോപിച്ച് പന്ത്രണ്ട് വയസുകാരനായ മകനെ മാതാപിതാക്കള്‍ ചങ്ങലയില്‍ ബന്ധിച്ചു. സ്വഭാവവൈകല്യം മാറാനെന്ന പേരില്‍ കഴിഞ്ഞ രണ്ടുമാസമായി മണിക്കൂറുകളോളമാണ് കുട്ടിയെ കെട്ടിയിട്ടിരുന്നത്. വനിതാ ശിശുക്ഷേമ വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോചിപ്പിച്ചത്.

ദിവസവേതനക്കാരായ മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിന് മുന്‍പായി രാവിലെ ഒന്‍പത് മണിയോടെയാണ് കുട്ടിയെ ബന്ധിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ വീടിനുള്ളില്‍ ഒരു ബക്കറ്റില്‍ നില്‍ക്കുന്ന രീതിയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ദീര്‍ഘനേരം ചങ്ങലയും കയറും ഉപയോഗിച്ച് കെട്ടിയിട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ കൈകാലുകളില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മോഷണശീലം കാരണം പഠനം നിര്‍ത്തിച്ചതായും, മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നുമാണ് മാതാപിതാക്കളുടെ വിശദീകരണം. എന്നാല്‍ മാതാപിതാക്കളുടെ ഈ ക്രൂരത കുട്ടിയെ കടുത്ത മാനസികാഘാതത്തിലേക്ക് നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലുള്ള കുട്ടിയുടെ കേസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പരിഗണിക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *