കൊല്ലം: പരീക്ഷയില്‍ രണ്ട് മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഏരൂര്‍ നെട്ടയത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിയെ തല്ലിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നടന്ന ക്ലാസ് ടെസ്റ്റില്‍ 40 മാര്‍ക്കില്‍ 38 കിട്ടിയെങ്കിലും, കുറവ് മാര്‍ക്ക് കിട്ടിയെന്ന് പറഞ്ഞ് ട്യൂഷന്‍ സെന്റര്‍ ഉടമയും കെഎസ്ആര്‍ടിസി ജീവനക്കാരനുമായ രാജീവ് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുകയായിരുന്നു.
കൈവിരല്‍ ഒടിഞ്ഞ വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധവുമായെത്തി ട്യൂഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം തടഞ്ഞു. ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു.