നീലേശ്വരം തളിയില്‍ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രത്തില്‍ 2028 ജനുവരി മാസത്തില്‍ നടക്കുന്ന നവീകരണ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു. ക്ഷേത്രം അഗ്രശാലയില്‍ വെച്ച് വെങ്കിടേഷ് വിശ്വനാഥ പ്രഭുവില്‍ നിന്നും സഹായം സ്വീകരിച്ച് കൊണ്ട് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട് ധനസമാഹരണം ഉദ്ഘാടനം ചെയ്തുകൊണ്ട് അനുഗ്രഹഭാഷണം നടത്തി. തുടര്‍ന്ന് തെക്കേ കോവിലകം, കിണാവൂര്‍ കോവിലകം, വടക്കേ കോവിലകം, കക്കാട്ട് കോവിലകം പ്രതിനിധികളും ക്ഷേത്രം മേല്‍ശാന്തി ശ്രീധര ശിവരൂരായര്‍, പി.വി നാരായണി മാരസ്യാര്‍, വിവിധ ക്ഷേത്രങ്ങള്‍, മഠപ്പുരകള്‍, തറവാടുകള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും തന്ത്രി ധനസഹായങ്ങള്‍ സ്വീകരിച്ചു. ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ.സി.മാനവര്‍മ്മരാജ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.സി.കെ രാജ, ക്ഷേത്രം എക്‌സിക്കൂട്ടീവ് ഓഫീസര്‍ ടി.രാജേഷ്, കെ.സി ഭാഗീരഥി തമ്പുരാട്ടി, വാസുദേവ മൂത്ത പിടാരര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ പി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ വിനോദ് പട്ടേന, മാതൃസമിതി കോര്‍ഡിനേറ്റര്‍ ടി.വി സരസ്വതിക്കുട്ടി, മാതൃ സമിതി ജനറല്‍ കണ്‍വീനര്‍ പങ്കജാക്ഷി, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ കെ.കമലാക്ഷി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി.വിനോദ് സ്വാഗതവും സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ വിനോദ് അരമന നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ശിവഗംഗ ഭജന്‍സ് നീലേശ്വരം അവതരിപ്പിച്ച ഭജനയും അരങ്ങേറി.