ചേറ്റുകുണ്ട് : പാലക്കുന്ന് കഴകം ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ ഏപ്രില്‍ 7 മുതല്‍ 9 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് സദ്യയൊരുക്കാനാവശ്യമായ പച്ചക്കറിയുടെ നല്ലൊരു ഭാഗം സ്വന്തമായി വിളയിച്ചെടുക്കും. അതിനായുള്ള വയല്‍ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃസമിതിയുടെ സഹകരണത്തോടെ നിരപ്പാക്കി കൃഷിസജ്ജമാക്കി.
ജനുവരി 3ന് രാവിലെ 8 ന് ഏത്താങ്കോട്ട വയലില്‍ വിത്തിറക്കല്‍ കര്‍മം പള്ളിക്കര കൃഷി ഓഫീസര്‍ ജലേശന്‍ ഉദ്ഘാടനം ചെയ്യും. ആദ്യപടിയായി കുമ്പളം, മത്തനും തുടര്‍ന്ന് വെള്ളരിയും മറ്റു പച്ചക്കറികളും കൃഷി ചെയ്യുമെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഉദയമംഗലം സുകുമാരന്‍ പറഞ്ഞു. തെയ്യംകെട്ടിന് കൂവം അളക്കാനുള്ള നെല്ല് ഇവിടെ നേരത്തെ വിളയിച്ചെടുത്തിരുന്നു.
ലോഗോ പ്രകാശനം 2 ന്
മീത്തല്‍ വീട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ലോഗോ പ്രകാശനം ജനുവരി 2 ന് വൈകിട്ട് 4 ന് ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ് ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ അധ്യക്ഷനാകും.