തിരുവനന്തപുരം: സ്വന്തം മകളുടെ സഹപാഠിയായ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് പ്രതിയായ മനുവിനെ (40) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാല് വര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസസ് അതോറിറ്റി നല്‍കുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2021 ഏപ്രിലിലായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായ സമയത്തായിരുന്നു മനുവിന്റെ ക്രൂരത. ഭാര്യ ആശുപത്രിയിലായതിനാല്‍ മനുവും മകളും കുടുംബവീട്ടിലായിരുന്നു താമസം. ഇവിടെയെത്തിയ മകളുടെ സഹപാഠിയും തന്റെ ബന്ധു കൂടിയായ പെണ്‍കുട്ടിയെ മകളെ അവിടെനിന്നും തന്ത്രപൂര്‍വ്വം മാറ്റിയ ശേഷം ഇയാള്‍ പലതവണ പീഡിപ്പിക്കുകയായിരുന്നു.
ഭയം കാരണം കുട്ടി വിവരം പുറത്തു പറഞ്ഞില്ലെങ്കിലും സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ. ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. മെഡിക്കല്‍ കോളേജ് സി.ഐ പി. ഹരിലാല്‍, സബ് ഇന്‍സ്പെക്ടര്‍ പ്രിയ എ.എല്‍ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.