ജില്ലയിലെ ചെറുകിട വ്യവസായങ്ങളുടെ സുസ്ഥിരതയും പ്രോത്സാഹനവും ലക്ഷ്യമിട്ട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ജില്ലാതല ഉല്‍പ്പന്ന പ്രദര്‍ശനവിപണന മേള. ബേക്കല്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഡിസംബര്‍ 20 മുതല്‍ 31 വരെ ബേക്കല്‍ ബീച്ചിലാണ് മേള നടക്കുന്നത്. കാസര്‍കോട് ജില്ലയിലെ ചെറുകിട വ്യവസായ സംരംഭങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രവുമായി കൈകോര്‍ത്തുകൊണ്ട് 55 ഓളം ചെറുകിട വ്യവസായ യൂണിറ്റുകളാണ് മേളയില്‍ പങ്കാളികളാകുന്നത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഗാര്‍മെന്റ്സ്, ഗൃഹനിര്‍മാണ ഉല്‍പ്പന്നങ്ങള്‍, മ്യൂറല്‍ ആര്‍ട്ട് വര്‍ക്കുകള്‍, കരകൗശല വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.
മേളയുടെ ഭാഗമായി മണ്‍പാത്ര നിര്‍മ്മാണം, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത തൊഴില്‍പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരില്‍ കാണുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനുള്ള വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബേക്കല്‍ ബീച്ചില്‍ ‘ഗഘ 14 ഇന്‍സ്‌പോ 2025 മെയ്ഡ് ഇന്‍ കാസര്‍കോട്”എന്ന പേരില്‍ ഈ വ്യവസായ മേള സംഘടിപ്പിച്ചിരിക്കുന്നത്.
കേരള വ്യവസായ വകുപ്പിന്റെ ഭാഗമായി സംരംഭങ്ങളുടെ പ്രാരംഭഘട്ടം മുതല്‍ സാമ്പത്തിക സഹായം നല്‍കുകയും ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കുന്നതിനായി ഇത്തരത്തിലുള്ള വിപണന വേദികള്‍ ഒരുക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഈ മേള. പൂര്‍ണമായും കാസര്‍കോട് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ യൂണിറ്റുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെ ആരംഭിച്ച സംരംഭങ്ങളാണ് പ്രധാനമായും മേളയുടെ ഭാഗമാകുന്നത്.
മേളയില്‍ ഭക്ഷ്യ വിഭവങ്ങള്‍ക്കായി പ്രത്യേകം യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബര്‍ 20 മുതല്‍ 31 വരെ നീണ്ടു നില്‍ക്കുന്ന വ്യവസായ മേള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംരംഭങ്ങള്‍ക്ക് പുതിയ വിപണന അവസരങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം ജില്ലയിലെ വിവിധ മേഖലകളിലെ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്നതാണ് മേളയുടെ ലക്ഷ്യം. മുന്‍വര്‍ഷങ്ങളിലും ബേക്കല്‍ ഫെസ്റ്റുമായി സഹകരിച്ച് സംഘടിപ്പിച്ച മേളകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബേക്കല്‍ ഫെസ്റ്റിന്റെ ബഹുജനപങ്കാളിത്തം സംരംഭകര്‍ക്കും പ്രയോജനകരമാക്കുകയാണ് ഈ ഉദ്യമത്തിന്റെ ഉദ്ദേശമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്കുമാര്‍ അറിയിച്ചു.