നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലംതല കര്‍മ്മ സമിതി അംഗങ്ങള്‍ക്കുളള ദ്വിദിന പരിശീലനം കാഞ്ഞങ്ങാട് കില പരിശീലന കേന്ദ്രത്തില്‍ (ഡി.പി.ആര്‍.സി ഹാള്‍ ) ആരംഭിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, മടിക്കൈ, പള്ളിക്കര, അജാനൂര്‍, പഞ്ചായത്തുകളിലെ വളണ്ടിയര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനമാണ് നടന്നത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ആമുഖഭാഷണം നടത്തി. കിലയുടെ പരിശീലകന്മാരായിട്ടുള്ള പപ്പന്‍ കുട്ടമത്ത്, ജില്ലാ നിര്‍വ്വഹണ സമിതി അംഗം കെ.അനില്‍കുമാര്‍ എം.വേണുഗോപാല്‍, രേഷ്മ ബാലന്‍, കെ.കെ രാഘവന്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലായി ക്ലാസുകള്‍ കൈകാര്യം ചെയ്തു. മണ്ഡലം നിര്‍വഹണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് തല നിര്‍വഹണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ സ്വാഗതം പറഞ്ഞു.
ലോകചരിത്രത്തില്‍ത്തന്നെ ആദ്യമായി ജനങ്ങളിലേക്ക് നേരിട്ടെത്തി, അവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ച്, വികസന സംവാദങ്ങളില്‍ അവരെ പങ്കാളികളാക്കി, അതുവഴി നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്ന പദ്ധതിയാണ് നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി.സംസ്ഥാന സാമൂഹ്യ സന്നദ്ധസേനാംഗങ്ങളായ സന്നദ്ധപ്രവര്‍ത്തകര്‍ ഓരോ വാര്‍ഡിലുമുള്ള വീടുകള്‍, ഫ്‌ളാറ്റുകള്‍, മറ്റ് താമസസ്ഥലങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, തൊഴില്‍ശാലകള്‍, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകള്‍, ബസ്,ഓട്ടോ,ടാക്‌സി സ്റ്റാന്‍ഡുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി പഠന റിപ്പോര്‍ട്ട് തയ്യാറാക്കും.
ഓരോ വാര്‍ഡിലും നാല് സന്നദ്ധപ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിക്കുന്നത്. പ്രതിഫലം കൂടാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് അംഗീകാരസൂചകമായി അനുമോദന പത്രം നല്‍കും. 2026 മാര്‍ച്ച് 31നകം പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സാധിക്കും വിധമാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സര്‍ക്കാരിക്കിലേയ്ക്ക് എത്തിക്കാനും നവകേരള സൃഷ്ടിയില്‍ പങ്കുചേരാനും ഇതിലൂടെ ഓരോ പൗരനും അവസരം ലഭിക്കും.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ പരിശീലനം ഇന്നും (ഡിസംബര്‍ 24) തുടരും. പടുവളത്ത്് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ സെന്ററിലും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വനിതാ പരിശീലന കേന്ദ്രം പൊവ്വലിലും നടന്നു വന്ന കര്‍മ്മ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ഡിസംബര്‍ 26ന് മറ്റ് കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും.