കരട് പട്ടികയില്‍ 94.72 ശതമാനം പേര്‍
സ്പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ ശേഷം കാസര്‍കോട് ജില്ലയിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ 94.72 ശതമാനം പേരെ എസ്.ഐ.ആര്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു. 10,21,345 പേരാണ് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടത്. ജില്ലയിലെ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും ബി.എല്‍.എ, ബി.എല്‍.ഒ മാരും കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ തുടങ്ങി നിരവധി പേര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. എസ്.ഐ.ആര്‍ പ്രലര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തനെന്നും കളക്ടര്‍ പറഞ്ഞു. കരട് പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും 2026 ജനുവരി 22 വരെ ഉന്നയിക്കാം. ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പേര് ചേര്‍ക്കുന്നതിന് ഫോം 6 പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
മരണപ്പെട്ട 18386 പേരും ബന്ധപ്പെടാന്‍ കഴിയാത്ത 13689 പേരും സ്ഥലം മാറിപോയ 20459 പേരും രണ്ട് തവണ പേരുള്ള 2571 പേരും മറ്റ് വിഭാഗത്തില്‍ 1806 പേരുമായി ജില്ലയിലെ 56911 പേര്‍ എസ്.ഐ.ആറില്‍ ഉള്‍പ്പെട്ടിട്ടില്ല. 5.28 ശതമാനം പേരാണ് ഇത്തരത്തില്‍ എസ്.ഐ.ആറിന്റെ ഭാഗമാകാത്തത്.
കരട് വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി
സ്പെഷ്യല്‍ ഇന്റന്‍സിവ് റിവിഷനുശേഷം കാസര്‍കോട് ജില്ലയിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. കരട് വോട്ടര്‍ പട്ടിക പ്രകാരം ജില്ലയിലെ ബൂത്തുകളുടെ എണ്ണം 983ല്‍ നിന്ന് 1141 ആയി ഉയര്‍ന്നു. 158 ബൂത്തുകള്‍ പുതിയതായി രൂപീകരിക്കും. കരട് വോട്ടര്‍ പട്ടികയില്‍ ആക്ഷേപമോ പരാതികളോ ഉണ്ടെങ്കില്‍ 2026 ജനുവരി 22 വരെ അപേക്ഷിക്കാം. പരാതികളെല്ലാം ബന്ധപ്പെട്ട ഇ.ആര്‍.ഒ പരിശോധിച്ച് തീര്‍പ്പാക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.രമേശ്, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എ.എന്‍ ഗോപകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എ.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.