സാമ്പത്തിക ക്രയ-വിക്രയത്തിന്റെ നൂതന ആശയങ്ങള്‍; കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ക്ലാസ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്‍ന്റെ നേതൃത്വത്തില്‍ ”സാമ്പത്തിക ക്രയ-വിക്രയത്തിന്റെ നൂതന ആശയങ്ങള്‍” എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന മിനി സരസ്സ് മേളയുടെ ഭാഗമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പള്ളിക്കര സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.സുമതി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സി.എച്ച് ഇക്ബാല്‍ വിഷയാവതരണം നടത്തി. പടന്ന സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സി.റീന സ്വാഗതവും പ്ലാന്‍ ഫണ്ട് അക്കൗണ്ടന്റ് എം.സൗമ്യ നന്ദിയും പറഞ്ഞു.

വ്യവസായം, വ്യാപാരം, സംരംഭങ്ങള്‍ എന്നിവയുടെ അടിസ്ഥാന ഘടകമായ സാമ്പത്തിക ക്രയവിക്രയം കാലാനുസൃതമായി വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയും വിപണിയുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍, ഉപഭോക്തൃ അഭിരുചികളിലെ വ്യത്യാസങ്ങള്‍, ഡിജിറ്റല്‍ സംവിധാനങ്ങളുടെ വ്യാപനം തുടങ്ങിയ ഘടകങ്ങള്‍ ഇന്നത്തെ വ്യാപാര മേഖലയെ ശക്തമായി സ്വാധീനിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ”സാമ്പത്തിക ക്രയ-വിക്രയത്തിന്റെ നൂതന ആശയങ്ങള്‍” എന്ന വിഷയത്തെ അടുത്തറിയാനാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.

ഇന്ന് ലോകം സാങ്കേതികവിദ്യയുടെ വിപ്ലവകാലത്തിലേക്ക് നീങ്ങുകയാണെന്നും വിപണിയിലുള്ള വ്യവസായവും സാമ്പത്തിക ഇടപാടുകളും പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍, ക്രയവിക്രയത്തിലെ നൂതന ആശയങ്ങള്‍ വലിയ മാറ്റം വരുത്തിയിരിക്കുന്നുവെന്നും വിഷയാവതരണം നടത്തി സംസാരിച്ച സി.എച്ച് ഇക്ബാല്‍ പറഞ്ഞു.

സാധാരണ കടകളിലും സാമ്പത്തിക ഇടപാടുകളിലും ഇപ്പോള്‍ പുതിയ ആശയങ്ങളും സാങ്കേതിക ഉപകരണങ്ങളും പ്രധാന പങ്ക് വഹിക്കുകയാണ്. ആധുനിക ഇ-കൊമേഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യത്തിലേക്ക് കടന്നിരിക്കുകയാണ്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, മീഷോ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ലോകമാകെയുള്ള ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും മാര്‍ക്കറ്റ് തുറന്നു കൊടുത്തിട്ടുണ്ട്. ഇത് ഇടപാടുകള്‍ വേഗതയോടെ നടത്തുകയും ചെലവ് കുറയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാപാരബിസിനസ് സാധ്യതകളും ക്ലാസ്സില്‍ വിശദീകരിച്ചു. അക്കൗണ്ടന്റ് എം.റിജേഷ് എസ്.എന്‍.എ സ്പര്‍ശ് ആപ്ലിക്കേഷനെ പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *