ജില്ലാ തല ബാങ്കിംഗ് അവലോകനയോഗം നടന്നു
റിസര്‍വ് ബാങ്കിനെയും ജില്ലാ ഭരണസംവിധാനത്തെയും യോജിപ്പിക്കുന്ന പാലമാണ് ലീഡ് ബാങ്കെ ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. 2025-26 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ ജില്ലാതല ബാങ്കിംഗ് അവലോകനയോഗം കാസര്‍കോട് ജില്ലാ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ശക്തമായ ബാങ്കിംഗ് സംവിധാനം രാജ്യത്തെ ശക്തമായ സാമ്പത്തിക വ്യവസ്ഥയുടെ അടയാളപ്പെടുത്തലാണ്. ആനുവല്‍ ക്രെഡിറ്റ് പ്ലാന്‍ അനുസരിച്ച് ബാങ്കിംഗ് മേഖല കൃഷിക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാഭ്യാസം, ഭവനം എന്നിവയ്ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും സൈബര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു.
കാസര്‍കോടിന്റെ ശരാശരി വായ്പ നിക്ഷേപ അനുപാതം 91.8 ശതമാനം ആണ്. ഇത് സംസ്ഥാന ശരാശരി വായ്പ നിക്ഷേപ അനുപാതത്തേക്കാള്‍ കൂടുതലാണ്. ജില്ലയിലെ ബാങ്കിംഗ് മേഖലയുടെ പ്രവര്‍ത്തന മികവാണ്.
യോഗത്തില്‍ നബാര്‍ഡിന്റെ 2026- 27 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പദ്ധതികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ പുസ്തകം ‘പൊട്ടന്‍ഷ്യല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ 2026- 27’പ്രകാശനം ചെയ്തു.
ജില്ലയിലെ ബാങ്കുകള്‍ 2025-26 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 7412.75 കോടി രൂപ വായ്പ നല്‍കി. ജില്ലയിലെ ബാങ്കുകള്‍ കാര്‍ഷിക വായ്പ ഇനത്തില്‍ ലക്ഷ്യമിട്ട 7900 കോടി രൂപയില്‍ 4089.79 കോടി രൂപയുടെ (51.77%) ലക്ഷ്യം കൈവരിച്ചു. ചെറുകിട ഇടത്തരം വ്യവസായ മേഘലയില്‍ ലക്ഷ്യമിട്ട 2053 കോടി രൂപയില്‍ 1090.72 കോടി രൂപയുടെ (53.13%) ലക്ഷ്യം കൈവരിച്ചു. ഭവന വിദ്യാഭ്യാസം ഉള്‍പ്പെട്ട തൃതീയ മേഖലയില്‍ ലക്ഷ്യമിട്ട 547 കോടി രൂപയില്‍ 301.05 കോടി രൂപയുടെ (55.04%) ലക്ഷ്യം കൈവരിച്ച. മുന്‍ഗണനാ വിഭാഗത്തില്‍ ലക്ഷ്യമിട്ട 10500 കോടി രൂപയില്‍ 5481.55 കോടി രൂപ (52.21%) കൈവരിക്കുകയും ചെയ്തു.
ജില്ലയുടെ സാമ്പത്തിക വളര്‍ച്ച വിലയിരുത്തുന്നതിനുള്ള സുപ്രധാന വേദിയായ അവലോകനയോഗത്തില്‍ ആര്‍ബിഐ ലീഡ് ജില്ലാ ഓഫീസര്‍ റ്റി.കെ ശ്രീകാന്ത് നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ഷാരോണ്‍വാസ്, കനറാ ബാങ്ക് ജില്ലാ റീജിയണല്‍ ഹെഡ് ആര്‍.പി ശ്രീനാഥ് വിവിധ ബാങ്കുകളുടെ റീജിയണല്‍ മാനേജര്‍മാര്‍ സാമ്പത്തിക സാക്ഷരത കോഡിനേറ്റര്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജര്‍ എസ്.തിപ്പേഷ് സ്വാഗതവും സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ ആര്‍.ഗിരിധര്‍ നന്ദിയും പറഞ്ഞു.