രണ്ട് മാസം നീളുന്ന ടെക്‌നോളിമ്പിക്‌സിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി

തിരുവനന്തപുരം: ഐടി പ്രൊഫഷണലുകളുടെ കായിക മികവ് പ്രകടിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ടെക്‌നോളിമ്പിക്‌സിന് ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. രണ്ട് മാസം നീളുന്നതാണ് ഈ ഇന്റര്‍-കമ്പനി കായികമേള. കേരളത്തിലെ ഐടി പാര്‍ക്കുകളുടെ ഔദ്യോഗിക കല, സാംസ്‌കാരിക, കായിക ക്ലബ്ബായ നടനയുടെ ആഭിമുഖ്യത്തിലുള്ള കായികമേള ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജിടെക് സിഇഒ വിഷ്ണു നായര്‍, ഫയ എംഡി ദീപു എസ് നാഥ്, സ്ലിങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബൈജു കെ.യു, നടന സെക്രട്ടറി മുകേഷ് നായര്‍, നടന എക്‌സിക്യുട്ടീവ് മെമ്പര്‍ ലക്ഷ്മി സുനജ ഹരിഗോവിന്ദ് എന്നിവര്‍ പങ്കെടുത്തു.

മിനി ഒളിമ്പിക്‌സ് എന്ന ആശയത്തില്‍ നടക്കുന്ന ടെക്‌നോളിമ്പിക്‌സ് ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് ഗെയിമുകളിലും ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളിലുമുള്ള മികവ് തെളിയിക്കാന്‍ അവസരമൊരുക്കും. സ്പ്രിന്റ്, ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ ജമ്പ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ, നീന്തല്‍, ബാഡ്മിന്റണ്‍, ചെസ്, കാരംസ്, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ത്രോബോള്‍, ടേബിള്‍ ടെന്നീസ്, ഗുസ്തി, ക്രോസ്ഫിറ്റ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഫിസിക്ക് തുടങ്ങിയ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *