ഡിജിറ്റല്‍ തെളിവ് ശേഖരണത്തിന് കൂടുതല്‍ കൃത്യത നല്‍കാനുള്ള കുറ്റമറ്റ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ പേറ്റന്റ് കരസ്ഥമാക്കിയ ഗവേഷണത്തിന് നേതൃത്വം നല്‍കിയ തൃക്കരിപ്പൂര്‍ ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്‌നിക്ക് സി.എ. ബി.എം വിഭാഗം തലവന്‍ വിജിത്. ടി.കെ. തെക്കെ കൂടത്തില്‍ അംഗീകാരത്തിന്റെ നിറവില്‍.
കുറ്റാന്വേഷണ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഡിജിറ്റല്‍ തെളിവുകള്‍, പിഴവില്ലാതെ ശേഖരിക്കാനുള്ള സാങ്കേതികവിദ്യ എന്ന നിലയില്‍ ഈ കണ്ടുപിടിത്തത്തിന് വലിയ പ്രാധാന്യമുണ്ട്. ഡിജിറ്റല്‍ ഫിങ്കര്‍ പ്രിന്റിംഗ് രൂപപ്പെടുത്താനുള്ള ഈ ഗവേഷണം നടന്നത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ( കുസാറ്റ്) യിലാണ്. ഡിജിറ്റല്‍ തെളിവുകളുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതാണ് പുതിയ സംവിധാനം. ഡിജിറ്റല്‍ തെളിവുകളുടെ ഡിജിറ്റല്‍ വിരലടയാളം സൃഷ്ടിക്കുന്നതിനുള്ള സംവിധാനവും രീതിയും എന്ന പേരിലാണ് ഇന്ത്യന്‍ പേറ്റന്റ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള ഡിജിറ്റല്‍ എവിഡന്‍സ് ഹാഷിംഗ് രീതികളെ കൂടുതല്‍ ശക്തമാക്കുന്ന അധിക സുരക്ഷാ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. വിരലടയാള പ്രക്രിയ നടക്കുന്ന കൃത്യമായ സ്ഥലം രേഖപ്പെടുത്തുന്ന ജിയോലൊക്കേഷന്‍ ഡാറ്റ സംയോജിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. പ്രത്യേക പരിശീലനം ആവശ്യമില്ലാതെ തന്നെ നിയമപാലകര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധമാണ് രൂപകല്പന.
കുസാറ്റ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ സൈബര്‍ ഇന്റലിജന്‍സ് ലാബിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ആയിരുന്ന വിജിത് .ടി.കെ തെക്കെ കൂടത്തിലിനോടൊ പ്പം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം മേധാവി ഡോ: എം.ബി.സന്തോഷ് കുമാര്‍, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എമിററ്റ്‌സ് പ്രൊഫസര്‍ ഡോ. കെ.വി. പ്രമോദ്, സൈബര്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലാബിലെ റിസര്‍ച്ച് സ്‌കോളര്‍ ബി.സുകൃത് എന്നിവരും ഗവേഷണത്തില്‍ പങ്കാളികളായിരുന്നു.
പേറ്റന്റ് നേടിയ തൃക്കരിപ്പൂര്‍ പോളിയിലെ വകുപ്പ് തലവന്‍ വിജിത് ടി കെ വടകര സ്വദേശിയാണ്. അധ്യാപികയായ ഡോ. രമിതയാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ സൈബിന്‍. ആര്‍.ജിത്ത് മകന്‍.