വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ബം​ഗാളിന് 15 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്

കട്ടക്ക് : 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ 15 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ബം​ഗാൾ. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 178നെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ബം​ഗാൾ 193 റൺസിന് ഓൾ ഔട്ടായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഒരു വിക്കറ്റിന് അഞ്ച് റൺസെന്ന നിലയിലാണ്. 

എട്ട് വിക്കറ്റിന് 165 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 13 റൺസ് കൂടി മാത്രമാണ് ചേർക്കാനായത്. എസ് വി ആദിത്യൻ 37 റൺസെടുത്ത് പുറത്തായി. ബം​ഗാളിന് വേണ്ടി പ്രബീൺ ഛേത്രിയും ത്രിപർണ്ണ സമന്തയും മൂന്ന് വിക്കറ്റ് വീതവും ഉത്സവ് ശുക്ല രണ്ട് വിക്കറ്റും വീഴ്ത്തി.  മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബം​ഗാളിൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു. 12 റൺസെടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ചിരന്തൻ സാഹുവിനെയും ശ്രേയം ഘോഷിനെയും മുഹമ്മദ് റെയ്ഹാനും രാജ് വീർ റോയിയെ മുകുന്ദ് എൻ മേനോനും പുറത്താക്കി. ഉത്സവ് ശുക്ല, അതനു നസ്കർ എന്നിവരെ ആദിത്യനും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 46 റൺസെന്ന നിലയിലായിരുന്നു ബം​ഗാൾ. 

എന്നാൽ എട്ടാം വിക്കറ്റിൽ ആകാശ് യാദവും സായക് ജനയും ചേർന്നുള്ള 99 റൺസിൻ്റെ കൂട്ടുകെട്ടാണ് ഒന്നാം ഇന്നിങ്സ് ലീഡെന്ന കേരളത്തിൻ്റെ പ്രതീക്ഷകൾ തകർത്തത്. 69 റൺസുമായി ആകാശ് പുറത്താകാതെ നിന്നു. സായക് 43 റൺസെടുത്തു. ബം​ഗാൾ 193 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എസ് വി ആദിത്യനാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. മുഹമ്മദ് റെയ്ഹാനും നവനീത് കെ എസും രണ്ട് വിക്കറ്റ് വീതവും മുകുന്ദ് എൻ മേനോൻ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് അഞ്ച് റൺസെന്ന നിലയിലാണ്. നാല് റൺസെടുത്ത ഇഷാൻ എം രാജിൻ്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *