തിരുവനന്തപുരം, 18 ഡിസംബർ 2025: പ്രമുഖ വിനോദ ടെലിവിഷൻ ചാനലായ സീ കേരളം അവതരിപ്പിക്കുന്ന ഡ്രാമ ജൂനിയേഴ്സ് എന്ന പ്രശസ്തമായ പരിപാടിയുടെ രണ്ടാം സീസണിലേക്കുള്ള ഓഡീഷനുകൾ പ്രഖ്യാപിച്ചു.
ഡ്രാമ ജൂനിയേഴ്സ് സീസൺ 2-ന്റെ ഓഡീഷനുകൾ ഡിസംബർ-ജനുവരി മാസങ്ങളിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഈ വരുന്ന 20-ാം തീയതി (ശനിയാഴ്ച) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 4 മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് നെടുമങ്ങാട് കൈരളി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഓഡീഷനിൽ പങ്കെടുക്കാം. അന്നേ ദിവസം തന്നെ കാസർഗോഡ്, പെരിയ എസ്.എൻ. കോളേജിലും ഓഡീഷൻ നടക്കും.

ഡിസംബർ 21-ാം തീയതി (ഞായറാഴ്ച) കൊല്ലത്ത് പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലും, കണ്ണൂരിൽ എളവയൂർ സി.എച്ച്.എം.എസ്.എസ് എന്നിവിടങ്ങളിലും ഓഡീഷൻ നടക്കും. ഡിസംബർ 27 -ന് ഇടുക്കിയിൽ, തൊടുപുഴ സെന്റ് മേരീസ് യു.പി. സ്കൂളിലായിരിക്കും ഒഡിഷൻ. അതേ ദിവസം തന്നെ വയനാട്ടിലും ഓഡീഷൻ നടക്കും.
കോഴിക്കോടുള്ള ഓഡീഷൻ ഡിസംബർ 28-ന് ടി ഐ എസ് എസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷനിൽ നടക്കും. കോട്ടയത്തും അന്ന് തന്നെ ഓഡീഷൻ സംഘടിപ്പിക്കും. പത്തനംതിട്ടയിലെ ഓഡീഷൻ ഡിസംബർ 29-ന് കാത്തോലിക്കേറ്റ് സ്കൂളിൽ നടക്കും. ആലപ്പുഴയിലെ ഓഡീഷൻ 2026 ജനുവരി 2 -നാണ് നടക്കുക. പാലക്കാട് ഓഡീഷൻ ജനുവരി 3-ന് ട്രൂ ലൈൻ പബ്ലിക് സ്കൂളിലും സംഘടിപ്പിക്കും. മലപ്പുറത്തും അതേ ദിവസം തന്നെ ഓഡീഷൻ നടക്കും. ജനുവരി 4-ന് തൃശ്ശൂരിൽ കുന്നംകുളം ബദനി സെന്റ് ജോൺസ് സ്കൂളിലും, എറണാകുളത്ത് തൃക്കാക്കര മേരിമാത സ്കൂളിലും ഓഡീഷൻ നടക്കും.
വിവിധ കേന്ദ്രങ്ങളിലെ ഓഡീഷനുകളിൽ നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കും. തിരുവനന്തപുരത്തെ ഓഡീഷനിൽ ജോബിയും കുട്ടി അഖിലും പങ്കെടുക്കും. കാസർഗോഡ്, സിബി തോമസും ഗായകൻ രതീഷ് കണ്ടാടുക്കവും ഉണ്ടാകും. കണ്ണൂരിൽ ഗായകൻ തേജസും, ഭാനുമതിയും, കൊല്ലത്ത് അടിനാട് ശശിയും നാത്തുവും ഓഡീഷൻ നടക്കുന്ന വേദികളിൽ സന്നിഹിതരായിരിക്കും.
വെള്ളിത്തിരയിൽ എത്താൻ ആഗ്രഹിക്കുന്ന ബാലപ്രതിഭകൾക്ക്, പ്രശസ്തരടങ്ങുന്ന ജൂറിയുടെ മുൻപിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുന്ന പരിപാടിയാണ് സീ കേരളം ഡ്രാമ ജൂനിയേഴ്സ്.
ഓഡീഷനുകൾ രാവിലെ 9 മണി മുതൽ ആരംഭിക്കും. പങ്കെടുക്കുന്നവർ 3 മിനിറ്റ് ദൈർഘ്യമുള്ള അഭിനയ അവതരണമാണ് നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9288022025 എന്ന നമ്പറിൽ ബന്ധപ്പെടാം.