വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം ചേര്‍ന്നു
ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറുമുതല്‍ 12വരെ കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലേയും ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4500 ഉദ്യോഗാര്‍ത്ഥികള്‍ റാലിയില്‍ അണിനിരക്കും. റാലിയുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ജില്ലാതല യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നതിന് സന്തോഷമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. താമസസൗകര്യം, കണക്ടിവിറ്റി, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും കാസര്‍കോട് മുന്‍സിപ്പാലിറ്റി സെക്രട്ടറിക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ആര്‍മി അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് ഓഫീസര്‍ സുബേദാര്‍ മേജര്‍ സഞ്ജീവ് സുബ്ബ, എ.ഡി.എം പി.അഖില്‍, കാസര്‍കോട് എ.എസ് .പി, സി.എം ദേവദാസന്‍ എന്നിവര്‍ സംസാരിച്ചു. ജനുവരി ആറിന് രാവിലെ മൂന്നു മണിക്ക് റാലി ആരംഭിക്കും.ഓണ്‍ലൈന്‍ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് റാലിയില്‍ പങ്കെടുപ്പിക്കുന്നത്.