തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പളയിലെ പ്രധാന റോഡരികില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ നിന്നുള്ള മലിന ജലം പ്രത്യക്ഷത്തില്‍ കാണാത്ത രീതിയില്‍ സ്ഥിര സംവിധാനമുണ്ടാക്കി പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ടത് കണ്ടെത്തി ഉടമയ്ക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തി. ഓടയിലേക്കുള്ള പൈപ്പ് ലൈന്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ വാഷ് ബേസിനില്‍ നിന്നുള്ള കഴുകിയ വെള്ളവും ഇതുപോലെ ഒഴുക്കിവിടുന്നത് കണ്ടെത്തിയതിനെത്തുടര്‍ന്ന് പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഓടയിലൂടെ ഒഴുകിവന്ന മലിനജലം കള്‍വേര്‍ട്ട് ഭാഗത്ത് കെട്ടിനിന്ന് ദുര്‍ഗന്ധം വരികയും കൊതുക് ശല്യത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ആശുപത്രി കാന്റീനില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 2000 രൂപയും കാന്റീന്‍ നടത്തിപ്പുകാരന് പിഴയായി ചുമത്തിയിട്ടുണ്ട്. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗങ്ങളായ ടി.സി ഷൈലേഷ്, വി.എം ജോസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൗമ്യ എന്നിവര്‍ പങ്കെടുത്തു.