പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവത്തിന് ധനു സംക്രമ ദിവസമായ തിങ്കളാഴ്ച കുലകൊത്തി. ചൊവ്വാഴ്ച ഭണ്ഡാര വീട്ടില്‍ മറുപുത്തരി കുറിക്കല്‍ ചടങ്ങ് നടക്കും. വെള്ളിയാഴ്ച്ച രാത്രി 9 ന് ഭണ്ഡാരവീട്ടില്‍ നിന്ന് തിരുവാഭരണങ്ങളും തിടമ്പുകളുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. 9.30 ന് കണ്ണൂര്‍ സിത്താനി ഭജന്‍സിന്റെ ഭജനാമൃതം. ശനിയാഴ്ച പുലര്‍ച്ചെ 4.30ന് മറുപുത്തരി താലവും കലശവും എഴുന്നള്ളത്തും നടത്തി താലപ്പൊലി സമര്‍പ്പിക്കും.
6.30 ന് ഉത്സവബലി.ഉച്ചയ്ക്ക് 2.30 ന് എഴുന്നള്ളത്തും കര്‍മികളുടെ കല്ലൊപ്പിക്കലും നടക്കും. തുടര്‍ന്ന് നടക്കുന്ന തേങ്ങയേറ് കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തും. വൈകുന്നേരം തിരിച്ചെഴുന്നള്ളത്തിന് ശേഷം ഭണ്ഡാരവീട്ടില്‍ മറുപുത്തരിസദ്യയും വിളമ്പും. ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന രണ്ടാമത്തെ ഉത്സവമാണ് മറു പുത്തരി.
ജനുവരി 6 ന് ക്ഷേത്രത്തില്‍ ധനുമാസത്തിലെ ചെറിയ കലംകനിപ്പ് സമര്‍പ്പണം നടക്കും. 14 ന് മകര സംക്രമ നാളില്‍ 24 മണിക്കൂര്‍ നീളുന്ന അഖണ്ഡ നാമ ജപയജ്ഞവും ഫെബ്രുവരി 6 ന് കലംകനിപ്പ് മഹാ നിവേദ്യവും(വലിയ കലം കനിപ്പ്) നടക്കും. 2026 ലെ ക്ഷേത്ര കലണ്ടര്‍ ഭണ്ഡാര വീട്ടിലെ ഓഫീസില്‍ ലഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ് അറിയിച്ചു.