തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെത്തിയ ബെള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പോളിങ് ബൂത്തിലെ വോട്ടര്‍മാരെ സ്വാഗതം ചെയ്തത് മനോഹരമായ ഹരിത കവാടമാണ്. ഈ കവാടം തയ്യാറാക്കിയിരിക്കുന്നത് ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് നാട്ടക്കല്‍ സ്വദേശിനി 48 വയസുകാരി ചന്ദ്രാവതിയാണ്. ഹരിത ചട്ടം പാലിച്ചുകൊണ്ടുള്ള മാതൃക തിരഞ്ഞെടുപ്പ് ബൂത്താണീസ്‌കൂള്‍.ഇവിടെ ചട്ടം പാലിച്ച് വ്യത്യസ്തമായ രീതിയില്‍ അലങ്കരിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹരിത കര്‍മ്മ സേനാംഗമായ ചന്ദ്രാവതി കവാട നിര്‍മാണ ചുമതല ഏറ്റെടുക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ഒറ്റക്കുള്ള അധ്വാനത്തിന്റെ ഫലമായി സ്‌കൂളില്‍ മനോഹര കവാടം ഉയര്‍ന്നു. തെങ്ങോലകള്‍ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലും വിദഗ്ധയാണ് ചന്ദ്രാവതി. അമ്മയും മൂന്ന് അനിയത്തിമാരും രണ്ട് സഹോദരന്മാരും അടങ്ങുന്നതാണ് ചന്ദ്രാവതിയുടെ കുടുംബം.