സുതാര്യമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ കളക്ടറും നിരീക്ഷകനും; കണ്‍ട്രോള്‍ റൂം സക്രിയം

പ്രശ്‌നബാധിത ബൂത്തുകളുടെ വെബ്കാസ്റ്റിംഗും പോള്‍ മാനേജര്‍ നിയന്ത്രിത നിരീക്ഷണ സംവിധാനവും ഒരുക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യവും സാങ്കേതിക തികവോടുകൂടിയതുമായി. പ്രവര്‍ത്തനങ്ങള്‍ ക്ക് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് പോള്‍ മാനേജര്‍ ആപ്പ് വഴി വോട്ടെടുപ്പ് പുരോഗതി പരിശോധിച്ച് വിലയിരുത്തിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് ജില്ലയിലെ 119 പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ്ങും പോള്‍ മാനേജര്‍ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ മേല്‍നോട്ടം വഹിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ ഡോക്ടര്‍ ഹരികുമാര്‍ കണ്‍ട്രോള്‍ റൂമില്‍ എത്തി ജില്ലയിലെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു.

എന്‍.ഐ.സി ജില്ലാ ഓഫീസര്‍ പവനന്റെ സാങ്കേതിക മേല്‍നോട്ടത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ രണ്ടു മുറികളിലായി ആണ് വെബ്കാസ്റ്റിങ്ങും പോള്‍ മാനേജര്‍ ആപ്പും കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നത്. ജില്ലാ ഐടി മിഷന്റെ നേതൃത്വത്തിലാണ് പ്രശ്നബാധിത ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം ഒരുക്കിയത്.

വെബ് കാസ്റ്റിംഗുമായി ബന്ധപ്പെട്ട് രണ്ടു സ്‌ക്രീനിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സംവിധാനത്തില്‍ ഒരു സ്‌ക്രീനില്‍ ഒരേസമയം ഒന്‍പത് ബൂത്തിലെ ദൃശ്യങ്ങളും മറ്റേ സ്‌ക്രീനില്‍ അതിന്റെ വിവരങ്ങളും ലഭ്യമാക്കി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാരും കെല്‍ട്രോണ്‍, അക്ഷയ എന്നിവിടങ്ങളിലേ ജീവനക്കാരും ചേര്‍ന്നാണ് വെബ് കാസ്റ്റിങ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. പോള്‍ മാനേജര്‍ ആപ്പിന്റെ നിരീക്ഷണ മുറിയില്‍ വലിയ സ്‌ക്രീനോടൊപ്പം ഒന്‍പത് ലാപ്ടോപ്പുകളും ഓരോ ലാപ്ടോപ്പുകളിലും നിരീക്ഷണത്തിന് രണ്ടുപേരുടെ ടീമും ഉണ്ട്. ഒരേ സമയം 18 പേര്‍ വിവിധ നിയോജക മണ്ഡലങ്ങളുടെ പോളിംഗ് വിലയിരുത്തി.രണ്ട് ഷിഫ്റ്റുകളിലായി ആണ് ജീവനക്കാര്‍ക്ക് ചുമതല നല്‍കിയത്.

കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടറോടൊപ്പം തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ.ഹരികുമാര്‍ ഐ.എ.എസ്, എന്നിവര്‍ വോട്ടെടുപ്പ് പുരോഗതി നിരീക്ഷിച്ച് വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി,ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസന്‍, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ പവനന്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഐടി മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ സന്തോഷ് കുമാര്‍ തദ്ദേശസ്വം ഭരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഹംസ എന്നിവര്‍ വെബ് കാസ്റ്റിംഗ് സംവിധാനങ്ങള്‍ ഒരുക്കുന്നതിന് മേല്‍നോട്ടം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *