ഇടുക്കി: ഒന്‍പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അയല്‍വാസിയായ 41-കാരന് അഞ്ച് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി അതിവേഗ (പോക്‌സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി ഗാന്ധി നഗര്‍ കോളനി നിവാസി ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു വി.യാണ് വിധി പ്രസ്താവിച്ചത്.
2024-ലെ ഓണാവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി അവധിക്കായി വീട്ടില്‍ വന്നപ്പോള്‍, അയല്‍വാസിയായ പ്രതിയുടെ മകളോടൊപ്പം കളിക്കാനായി വീട്ടില്‍ ചെന്ന സമയത്താണ് അതിക്രമം ഉണ്ടായത്. പ്രതിയുടെ വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെന്‍സില്‍ എടുക്കാനായി പ്രതിയുടെ മകള്‍ കുട്ടിയെ താഴെയുള്ള മുറിയിലേക്ക് പറഞ്ഞുവിടുകയും, അവിടെവെച്ച് ഗിരീഷ് കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ചു എന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.
കേസിന്റെ വിചാരണയില്‍ പ്രതിയുടെ ഭാര്യയും സ്വന്തം മകളും പ്രതിക്കെതിരെ മൊഴി നല്‍കിയത് കേസില്‍ നിര്‍ണായകമായി. പിഴ ഒടുക്കാത്തപക്ഷം പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു.