കാസര്‍കോട് ജില്ലയിലെ 119 പ്രശ്നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിങ്ങും പോള്‍ മാനേജര്‍ ആപ്പിന്റെ പ്രദര്‍ശനവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ വിലയിരുത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ രണ്ടു മുറികളിലായി ആണ് വെബ്കാസ്റ്റിങ്ങും പോള്‍ മാനേജര്‍ ആപ്പും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗുമായി ബന്ധപ്പെട്ട് രണ്ടു സ്‌ക്രീനിലായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന സംവിധാനത്തില്‍ ഒരു സ്‌ക്രീനില്‍ ഒരേസമയം ഒന്‍പത് ബൂത്തുകളിലെ ദൃശ്യങ്ങളും അടുത്ത സ്‌ക്രീനില്‍ അതിന്റെ വിവരങ്ങളും ലഭ്യമാകും. പോള്‍ മാനേജര്‍ ആപ്പിന്റെ പ്രദര്‍ശന മുറിയില്‍ വലിയ സ്‌ക്രീനോടൊപ്പം ഒന്‍പത് ലാപ്ടോപ്പുകളും ഓരോ ലാപ്ടോപ്പുകളിലും രണ്ടുപേരുടെ ഒരു ടീമും ഉണ്ടാകും. മൊത്തം 18 പേര്‍ വിവിധ നിയോജക മണ്ഡലങ്ങളുടെ പോളിംഗ് വിലയിരുത്തും. ക്രമീകരണങ്ങള്‍ വിലയിരുത്തുന്ന വേളയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി, എ.ഡി.എം പി അഖില്‍, ഇലക്ഷന്‍ ഡെപ്യൂട്ടികളക്ടര്‍ എ.എന്‍ ഗോപകുമാര്‍ എന്നിവര്‍ കളക്ടറോട് ഒപ്പം ഉണ്ടായിരുന്നു.
രണ്ടാംഘട്ട വോട്ടെടുപ്പ്: 2055 പ്രശ്‌നബാധിത ബൂത്തുകള്‍
വോട്ടെടുപ്പ് കര്‍ശന നിരീക്ഷണത്തില്‍
രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട് 189, കണ്ണൂര്‍- 1025 , കാസര്‍ഗോഡ്- 119 എന്നിങ്ങനെയാണ് പ്രശ്‌ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ അധിക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഇതോടൊപ്പം അതത് ജില്ലാ കളക്ടറേറ്റുകളില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും പ്രശ്‌നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങിലൂടെ നിരീക്ഷിക്കും. സിറ്റി പോലീസ് കമ്മീഷനര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളില്‍ നിരീക്ഷണം നടത്തുന്നത്.
ബൂത്തുകളില്‍ എന്തെങ്കിലും അസാധാരണ നടപടി കണ്ടാല്‍ ഉടന്‍ തന്നെ കമ്മീഷന്‍ ഇടപെട്ട് നടപടി സ്വീകരിക്കും. ബൂത്തിനുളളില്‍ അതിക്രമിച്ചു കയറുകയോ, കൂട്ടംകൂടി നിന്ന് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉടന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കും. തിരഞ്ഞെടുപ്പ്കമ്മീഷന്‍ ആസ്ഥാനത്ത് രണ്ട് കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ്ക മ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ പോലീസ്, എക്‌സൈസ്, ബിഎസ്എന്‍എല്‍, ഐകെഎം, മോട്ടോര്‍വാഹനവകുപ്പ്, കെല്‍ട്രോണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തുന്നത്.