തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് ജനവിധി നിര്‍ണയിക്കപ്പെടുന്നത്. ആകെ 11,167 വാര്‍ഡുകളിലായി 36,620 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ആറിന് മോക് പോളിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ തുടരും.
വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് മൂന്ന് വോട്ടുകള്‍ രേഖപ്പെടുത്താനുണ്ടാവും എന്നതാണ്. എന്നാല്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമുള്ളവര്‍ ഒരു വോട്ട് മാത്രം ചെയ്താല്‍ മതിയാകും. ശേഷിക്കുന്ന ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഇരു ഘട്ടങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 13-ന് രാവിലെ നടക്കും.