ഉദുമ പള്ളം തെക്കേക്കര വാര്‍ഡ്: തറവാട്ടിലെ പുത്തരി വിളമ്പല്‍ ചടങ്ങില്‍ കൈകോര്‍ത്ത് ചങ്ങാതികളായ സ്ഥാനാര്‍ഥികള്‍

പാലക്കുന്ന്: പി.വി. കൃഷ്ണനും (കൃഷ്ണന്‍ പള്ളം) പള്ളം നാരായണനും ഉദുമ പഞ്ചായത്ത് ഭരണ സമിതി അംഗമാകാനുള്ള മത്സരത്തിലാണ്. രണ്ടുപേര്‍ക്കും ഇത് കന്നി മത്സരം. കൃഷ്ണന്‍ യുഡിഫിന് വേണ്ടിയും നാരായണന്‍ സി പി എമ്മിനും വേണ്ടിയാണ് പള്ളം തെക്കേക്കര 21-ആം വാര്‍ഡില്‍ മത്സര രംഗത്ത്. രണ്ടുപേരും ഒരേ പ്രദേശക്കാരും ചങ്ങാതിമാരുമാണ്. ഒരാള്‍ക്ക് സ്വന്തം വാര്‍ഡില്‍ വോട്ട് ഉണ്ടെങ്കിലും മറ്റേ ആള്‍ക്ക് തൊട്ടടുത്ത പാലക്കുന്ന് വാര്‍ഡിലാണ് വോട്ട്. പ്രായത്തില്‍ നാല് വയസ്സിന്റെ മൂപ്പിലാണ് കൃഷ്ണന്‍. പാലക്കുന്ന് കഴകത്തിലെ ഉദുമ തെക്കേക്കര പ്രാദേശിക സമിതിയിലെ അംഗങ്ങളാണ്.

നാരായണന്‍ ആ പ്രാദേശിക സമിതിയുടെ വൈസ് പ്രസിഡന്റും കൃഷ്ണന്‍ ആ പ്രദേശിക സമിതിയില്‍ നിന്നുള്ള കേന്ദ്ര സമിതി അംഗവും. കഴകത്തിന്റെ ഉപ സമിതിയായ വിദ്യാഭ്യാസ സമിതിയുടെ ജനറല്‍ സെക്രട്ടറിയാണ് നാരായണന്‍. മറ്റൊരു ഉപസമിതിയായ അംബിക പരിപാലന സമിതിയുടെ സെക്രട്ടറിയായ കൃഷ്ണന്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയാണ്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ നാരായണന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റും മികച്ച സംഘാടകനും അറിയപ്പെടുന്ന കായിക താരവുമാണ്. പാലക്കുന്ന് ക്ഷേത്ര പൂരക്കളി പണിക്കരായ പി. വി. കുഞ്ഞിക്കോരന്റെ സഹോദരനായ കൃഷ്ണന്‍ മികച്ച പൂരക്കളിക്കാരനും പ്രവാസി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയും പ്രവാസി കൂട്ടായ്മ കാസര്‍കോട് ‘ശക്തി’യുടെ എക്‌സിക്യൂട്ടീവ് അംഗവുമാണ്.

രണ്ടു പേരും ഞായറാഴ്ച രാത്രി തെക്കേക്കര പുതിയപുര തറവാട്ടില്‍ ‘പുതിയൊടുക്കല്‍’ അടിയന്തിരത്തില്‍ പങ്കെടുക്കാനെത്തി തോളുരുമ്മി കൈ കോര്‍ത്ത് കുശലം പറഞ്ഞു നിന്ന കാഴ്ച തിരുമുറ്റത്ത് തടിച്ചു കൂടിയവര്‍ക്ക് കൗതുകമായി. മൊബൈല്‍ ക്യാമറകള്‍ ക്ലിക്ക് ചെയ്ത് രംഗം പകര്‍ത്താനും ചിലര്‍ മറന്നില്ല. ഇതെല്ലാം വീക്ഷിച്ച് പാലക്കുന്ന് വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥി പി. വി. ചിത്രഭാനു തൊട്ടരികിലും.
തിരക്കിലാണെങ്കിലും രണ്ടുപേര്‍ക്കും ടെന്‍ഷന്‍ തീരെയില്ല. സ്‌പോര്‍ട്‌സില്‍ ആയാലും തിരഞ്ഞെടുപ്പിലായാലും ഒന്നാം സ്ഥാനം ഒരാള്‍ക്ക് മാത്രമാണല്ലോ. നിലവില്‍ യു ഡി എഫിന്റെ സീറ്റായ ഇവിടെ പി. വി. കൃഷ്ണന്‍ ഏറെ ആത്മവിശ്വാസത്തിലാണ്. ഒരു മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലും അതിനായുള്ള പ്രവര്‍ത്തനത്തിലുമാണ് പള്ളം നാരായണന്‍. ശക്തി തെളിയിക്കാന്‍ ബി ജെ പി യിലെ ശ്യാം പ്രസാദ് കാശിയും രംഗത്തുണ്ട്. ആരാണ് വിക്ടറി സ്റ്റാന്‍ഡില്‍ പൊങ്ങി നില്‍ക്കുക എന്നറിയാന്‍ ഏതാനും ദിവസങ്ങള്‍ മതിയല്ലോ എന്ന ആത്മഗതത്തില്‍ സമ്മതിദായകരും.

Leave a Reply

Your email address will not be published. Required fields are marked *