സായുധസേനാ പതാക ദിനാചരണത്തിന് തുടക്കമായി

കാസര്‍കോട്: രാജ്യസുരക്ഷയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പട്ടാളക്കാരോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ് സായുധസേനാ പതാകദിനം ഓര്‍മിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടി കളക്ടര്‍. സായുധസേനാ പതാകദിനം ജില്ലാ കളക്ടറേറ്റില്‍ സമുചിതമായി ആഘോഷിച്ചു. ജീവിതത്തിന്റെ നല്ല ഭാഗം രാജ്യസുരക്ഷയ്ക്കായി മാറ്റിവെച്ച് ദുര്‍ഘട സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവന്ന സൈനികരോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ് സായുധ സേന പതാകദിനം ഓര്‍മിപ്പിക്കുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ്. സായുധസേനാ പതാകദിനാഘോഷം കാസര്‍കോട് ജില്ലാ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി കളക്ടര്‍.

കേവലം ഫണ്ട് ശേഖരണത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല രാജ്യസേവനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പട്ടാളക്കാരോടുള്ള നമ്മുടെ കടപ്പാട്. രാജ്യസേവനത്തിനായി പൗരന്മാരെ പ്രാപ്തരാക്കാനും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള അപകടങ്ങളില്‍ നിന്ന് വിമോചിപ്പിക്കാനും എന്‍ സി സി കേഡറ്റുകള്‍ നടത്തുന്ന ശ്രമങ്ങളെയും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് അങ്കണത്തില്‍ കാര്‍ഗില്‍ യുദ്ധ സ്മാരകത്തിലും ഗാന്ധി പ്രതിമയിലും ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ സ്‌ക്വാഡ്രന്‍ ലീഡര്‍ നാരായണന്‍ നായര്‍ സംസാരിച്ചു .

ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ സി ജെ ജോസഫ് സ്വാഗതവും ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ ജീവനക്കാരന്‍ എം പവിത്രന്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ എന്‍ സി സി കേഡറ്റുകള്‍ ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സിന് സായുധ സേന പതാക നല്‍കി പതാകയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു. വിവിധ സര്‍ക്കാര്‍ ജീവനക്കാരും എക്‌സ് സര്‍വീസ് സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *