പാലക്കുന്ന് : കമ്പനികളുടെ കരാറുമായി കപ്പലുകളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ നാവികര്‍ക്ക് ഇന്ത്യന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവായി കിട്ടാന്‍ നടപടികള്‍ ആരംഭിച്ചു. ആവര്‍ത്തിച്ച ചോദ്യം ചെയ്യലുകളും, അനാവശ്യ പരിശോധനകളും ചിലപ്പോള്‍ ബോര്‍ഡിംഗ് നിഷേധങ്ങള്‍ വരെ നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. വിദേശ യാത്രയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളില്‍ സമര്‍പ്പിക്കുന്ന 1, 1എ, 1ബി ഫോമുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിങ്) ആ ഫോമുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പരിഷ്‌കരിച്ചതോടെ കപ്പല്‍ ജീവനക്കാര്‍ക്ക് കുരുക്കുകളില്ലാതെ യാത്ര തുടരാം.
സമീപകാലത്ത് നിരവധി ഇന്ത്യന്‍ നാവികരെ കൃത്യമായ യാത്രാ, തൊഴില്‍ രേഖകള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ തടഞ്ഞുവെച്ച സംഭവങ്ങളുടെ വെളിച്ചത്തിലാണ് ഡിജി ഓഫ് ഷിപ്പിങ് ഈ തീരുമാനം കൈ കൊണ്ടത്.
എഡിറ്റ് ചെയ്യാവുന്ന വിധത്തിലായിരുന്ന പഴയ ഫോമുകള്‍ വിമാനത്താവളങ്ങളില്‍ സംശയം ജനിപ്പിക്കുന്നതിനാല്‍ സിമെന്മാരെ കര്‍ശമായി ചോദ്യം ചെയ്യലും യാത്ര നിഷേധിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായ സാഹചര്യത്തില്‍ പരിഷ്‌കരിച്ച ഫോമുകള്‍ പൂര്‍ണ സുരക്ഷിതമായ രൂപത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഫോമില്‍ തിരുത്തലിന് ഇനി സാധ്യത ഉണ്ടാവില്ല.

എന്താണീ ഫോമുകള്‍
വിദേശ കപ്പലുകളില്‍ ജോലി നേടി പോകുന്ന ഇന്ത്യന്‍ നാവികര്‍ക്കായി ഫോം-ഒന്നും, ഇന്ത്യന്‍ കപ്പലുകളില്‍ കയറേണ്ട ഇന്ത്യന്‍ നാവികര്‍ക്കായി ഫോം 1എ യും ടെക്‌നീഷ്യന്‍മാര്‍, സര്‍വേര്‍മാര്‍, ക്രൂയിസ് കപ്പലുകളിലെ ഹോട്ടല്‍ ക്രൂ എന്നിവരുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് ഫോം- ബിയുമാണ് ഉപയോഗിക്കുന്നത്. പുതിയ ഫോമുകളില്‍ തിരുത്തല്‍ വരുത്തി ഇനി ദുരുപയോഗം ചെയ്യാനാവാത്ത വിധമാണ് രൂപകല്പ്പന ചെയ്തിട്ടുള്ളതെന്ന് ഡിഡിജി (ക്രൂ) ക്യാപ്റ്റന്‍ പി. സി. മീന പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. പുതിയ ഫോമുകള്‍ യാത്രാ രേഖകള്‍ ആയി സ്വീകരിക്കണമെന്ന് എല്ലാ എയര്‍ലൈന്‍സുകള്‍ക്കും, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സികള്‍ക്കും, എമിഗ്രേഷന്‍ അതോറിറ്റികള്‍ക്കും ഡിജി ഷിപ്പിങ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മര്‍ച്ചന്റ് ഷിപ്പ് ആക്ട് 2025 പ്രകാരം ജീവനക്കാരെ അനുപേക്ഷണീയ വിഭാഗം ജോലിക്കാരായി (key workers) പ്രഖ്യാപിച്ചു. ഈ ആക്ട് പ്രകാരം കപ്പലില്‍ ജോലിക്കായി കയറാനും ഇറങ്ങാനും (സൈന്‍ ഓണ്‍/സൈന്‍ ഓഫ്), ഷോര്‍ ലീവ്, മെഡിക്കല്‍ ഇവാക്യുവേഷന്‍ എന്നിവയ്ക്കായുള്ള യാത്ര തടസ്സമില്ലാതെ നടക്കും. ഡിസംബര്‍ ഒന്ന് മുതല്‍ മാറ്റം പ്രാബല്യ ത്തില്‍ വന്നു. പുതിയ ഫോമുകള്‍ ഉണ്ടായിട്ടും നാവികനെ ബുദ്ധിമുട്ടിക്കുകയോ തടയുകയോ ചെയ്താല്‍ ഉടന്‍ ഡിജി ഷിപ്പിങ്ങുമായി ബന്ധപ്പെടാവുന്നതാണ്
support.dgs@gov.in
crews-dgs@gov.in
9004048406, 8657549760